അഴിമതി എന്ന മഹാവിപത്ത് ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുമ്പോഴും 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് മുതലായവ തെളിയിച്ച കൊടും അഴിമതി രാഷ്ട്രീയനേതാക്കളെ ജയിലില്‍ അടയ്ക്കപ്പെട്ടശേഷവും ഈ അഴിമതി വിപത്തിന്റെ വ്യാപ്തിയും അവബോധവും ജനങ്ങളിലെത്തിക്കാന്‍ അണ്ണാ ഹസാരെയുടെ ജന്‍ ലോക്പാലിനു വേണ്ടിയുള്ള സമരത്തിന് കഴിഞ്ഞു എന്നത് നിരാകരിക്കാനാവാത്ത വസ്തുതയാണ്. രാംലീല മൈതാനിയില്‍ അണ്ണാ ഹസാരെ നടത്തിയ ഉപവാസത്തിനുശേഷം ഈ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാമെന്ന് കേന്ദ്രം ഉറപ്പുനല്കുകയുണ്ടായി. പക്ഷെ ഇപ്പോള്‍ ലോക്പാല്‍ ബില്ലിന്റെ വ്യവസ്ഥകളില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ട് വീണ്ടും അണ്ണാ ഹസാരെ ഉപവാസ സമരത്തിലേക്ക് നീങ്ങുകയാണ്. ലോക്പാല്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത് നിയമകാര്യ-പാര്‍ലമെന്ററികാര്യ സമിതിയാണ്. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം തള്ളി പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം വിദേശകാര്യവും രാജ്യസുരക്ഷാ വിഷയങ്ങളും ഒഴിവാക്കി അദ്ദേഹത്തെ പരിധിയില്‍പ്പെടുത്താം എന്ന നിര്‍ദ്ദേശത്തിനോട് സമിതിയില്‍ ഭിന്നാഭിപ്രായമാണ് രൂപപ്പെട്ടിരിക്കുന്നത്. ബിജെപിയും ഇടതുപക്ഷവും ബിജു ജനതാദളുംആവശ്യപ്പെട്ടിരുന്നത് വിദേശകാര്യവും ദേശസുരക്ഷയും ഒഴിവാക്കി പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്പ്പെടുത്തണമെന്നായിരുന്നു.
മറ്റൊരു വിവാദവിഷയം ഇപ്പോള്‍ തയ്യാറാക്കിയ കരട് ലോക്പാലില്നിന്നും ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥരെയും സിബിഐയേയും ഒഴിവാക്കിയിരിക്കുന്നതാണ്. സിബിഐ ഡയറക്ടറുടെ നിയമനാധികാരം സര്ക്കാരില്നിന്നൊഴിവാക്കി ജന്‍ലോക് പാലിനെ ഏല്‍പ്പിക്കണമെന്ന ആവശ്യവും തര്‍ക്കവിഷയമായിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം നല്കുന്ന ശിക്ഷയുടെ കടുപ്പം കൂട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ജനങ്ങളുടെ പരാതിക്ക് ഒരു പ്രത്യേക നിയമം രൂപീകരിക്കാമെന്നല്ലാതെ ഇതിനെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതില്‍ സമവായം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നും ഇത് ജനവഞ്ചനയാണെന്നും ഈ റിപ്പോര്‍ട്ട് അസ്വീകാര്യമാണെന്നുമാണ് ഹസാരെ സംഘം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിലപാടില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 11 ന് ഏകദിന ഉപവാസം അനുഷ്ഠിക്കുമെന്നാണ് ഹസാരെയുടെ പ്രഖ്യാപനം. അമേരിക്കയില്‍ ശസ്ത്രക്രിയക്ക് വിധേയയായി തിരിച്ചെത്തിയ സോണിയാഗാന്ധി നടത്തിയ ആദ്യ പ്രസംഗത്തിലും അഴിമതിക്കെതിരെ പൊരുതാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെട്ടു. പക്ഷെ ഇന്ത്യാ ചരിത്രത്തില്‍ തന്നെ റെക്കോഡിട്ട രാഷ്ട്രീയ അഴിമതിക്കെതിരെ അണ്ണാ ഹസാരെ സംഘം തെരുവിലിറങ്ങിയപ്പോള്‍ ആ സമരം ഒതുക്കാനായിരുന്നല്ലോ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഒടുവില്‍ ലോക്പാല്‍ നിയമമാക്കാമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇപ്പോള്‍ കാതലായ ഭാഗങ്ങള്‍ ഒഴിവാക്കി ലോക്പാല്‍ കരട് ബില്‍ കൊണ്ടുവന്നിരിക്കുന്നത്.
ലോക്പാല്‍ ബില്‍ സമിതിയില്‍ മാത്രമല്ല ലോക്പാല്‍ നിയമത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നത്. സന്നദ്ധ സംഘടനകളെയും മാധ്യമങ്ങളെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ കേജ്രിവാള് എതിര്‍ക്കുമ്പോള്‍ കിരണ്‍ ബേദി സ്വാഗതം ചെയ്യുന്നു. സ്വാമി അഗ്നിവേശ് ആകട്ടെ ചുവടുമാറ്റി കരട്ബില്‍ ഹസാരെ ബില്ലിനേക്കാള്‍ ശക്തമാണെന്ന് വാദിക്കുന്നു. ജന്‍ലോക്പാല്‍ സമിതിയും വിഘടിച്ച് ദുര്‍ബലമാകുകയാണോ എന്ന് ഇതിനെ സ്വാഗതം ചെയ്തവര്‍ ആശങ്കപ്പെടുന്നു. രാഷ്ട്രീയ അഴിമതി എന്ന യാഥാര്‍ത്ഥ്യം തിരസ്കരിക്കാനാവില്ല. 2 ജി ഇടപാടില്‍ 1,76,000 കോടി രൂപയുടെ അഴിമതിയില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരവും ആരോപണവിധേയനാണ്. സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കോടികള്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായാണ് ബിജെപി നേതാവ് എല്‍.കെ. അദ്വാനി രഥയാത്ര നടത്തിയതും. അഴിമതിയുടെ മുഖ്യകാരണം തെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്ന കോടികള്‍ തിരിച്ചുപിടിക്കാനുള്ള രാഷ്ട്രീയ യജ്ഞമാണ്. ഇപ്പോള്‍ ‘യൂത്ത് എഗേന്‍സ്റ്റ് കറപ്ഷ’ന്റെ മഹാധര്‍ണയും അഴിമതിക്കെതിരായ സമരത്തില്‍ യുവതലമുറയില്‍ അവബോധം വളര്‍ത്തുന്നു. ഇങ്ങനെ അഴിമതിവിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ ശക്തവും ജനോപകാരപ്രദവുമായ ലോക്പാല്‍ നിയമം രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: