ന്യൂദല്‍ഹി: സ്പെക്ട്രം കേസില്‍ ജയിലില്‍ കഴിയുന്ന ഡിഎംകെ എംപി കനിമൊഴിക്ക് ദല്‍ഹി ഹൈക്കോടതി ഇന്നലെയും ജാമ്യം നല്‍കിയില്ല. കനിമൊഴിയുടെയും മറ്റ് അഞ്ച് പേരുടെയും ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രതികളില്‍ ഒരാളുടെ അഭിഭാഷകന് ജാമ്യഹര്‍ജികളില്‍ ഇന്നലെ തന്നെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത് കോടതിയെ ചൊടിപ്പിക്കുകയായിരുന്നു. കേസുകളില്‍ വാദം കേള്‍ക്കാന്‍ ചില നടപടിക്രമങ്ങള്‍ ഉണ്ടെന്നും ഏതെങ്കിലും വ്യക്തിയുടെ ഔന്നത്യവും പ്രഭാവവും കോടതിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന് കരുതരുതെന്നും ജസ്റ്റിസ് വി.കെ. ഷാലി ഓര്‍മിപ്പിച്ചു. ഹര്‍ജികള്‍ ഇന്നലെ പരിഗണിക്കാന്‍ കഴിയില്ലെന്നും രോഷാകുലനായി കാണപ്പെട്ട ജഡ്ജി വ്യക്തമാക്കി.
പൊതുജനവികാരത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ച് റിലയന്‍സ് കോര്‍പ്പറേറ്റ് വമ്പന്മാര്ക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിസംബര്‍ ഒന്നിന് കേള്‍ക്കേണ്ട വാദം ദല്‍ഹി ഹൈക്കോടതി ഇന്നലെ പരിഗണിക്കാന്‍ എടുത്തത്.
കനിമൊഴിക്ക് പുറമെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹുറ, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, കുസെഗാവ് ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍സ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ഇന്നലെ പരിഗണിക്കാനിരുന്നത്. ഇതിനിടെ, സുപ്രീംകോടതി ജാമ്യം കൊടുത്ത പ്രതികള്‍ക്കൊപ്പം തന്നെയാണ് തങ്ങളുടെ കക്ഷികളുടെ നിലവാരവുമെന്ന് കനിമൊഴിക്കുവേണ്ടി ഹാജരായ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അല്‍താഫ് അഹമ്മദും മൊറാനിയുടെ അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലുത്രയും കോടതിയോട് പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ജസ്റ്റിസ് ഷാലിയുടെ പരാമര്‍ശങ്ങള്‍.
കഴിഞ്ഞ മെയ് 20 മുതല്‍ കനിമൊഴി ജയിലിലാണ്. മറ്റ് പ്രതികള്‍ ഫെബ്രുവരി രണ്ടിനും മെയ് 30 നുമിടയില്‍ അറസ്റ്റിലായവരാണ്. ബഹുറ ഒഴികെ അഞ്ച് പ്രതികളും സിബിഐയുടെ രണ്ടാമത്തെ കുറ്റപത്രത്തില്‍ പരാമര്ശിക്കപ്പെട്ടിട്ടുള്ളവരാണ്. സ്പെക്ട്രം കുംഭകോണം വഴി കിട്ടിയ കോഴപ്പണത്തില്‍ 200 കോടി കലൈഞ്ജര്‍ ടിവിക്ക് കൈമാറിയതായി ബന്ധപ്പെട്ട കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: