കോട്ടയം: രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ പ്രതിപക്ഷവാക്കൗട്ടും ധര്‍ണ്ണാ സമരവും. കോട്ടയം നഗരസഭയില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. ഇന്നലെ നഗരസഭാ യോഗത്തില്‍ എണ്‍പത്തഞ്ചോളം അജണ്ട പാസാക്കേണ്ടതുണ്ടായിരുന്നു. അജണ്ട അവതരിപ്പിക്കുന്നതിനിടയിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരത്തിലേയും കുമാരനല്ലൂറ്‍, നാട്ടകം പഞ്ചായത്തിലേയും കുടിവെള്ളപ്രശ്നം ഉന്നയിച്ചത്. ഇതിന് ചെയര്‍മാന്‍ സണ്ണി കലൂറ്‍ അനുമതി നിഷേധിച്ചതോടെ സഭയില്‍ പ്രതിപക്ഷ ബഹളം തുടങ്ങി. പ്രതിപക്ഷ ബഹളത്തിനിടയില്‍ അജണ്ടകള്‍ പാസാക്കാനുള്ള ശ്രമം നടന്നു. ഇതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സഭവിട്ടിറങ്ങി നഗരസഭാ കവാടത്തില്‍ ധര്‍ണ്ണ നടത്തി. കുടിവെള്ളപ്രശ്നം ഉന്നയിക്കാന്‍ സമ്മതിക്കാതിരുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും നഗരസഭ അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണെന്നും നഗരത്തിലെന്നപോലെ നഗരപ്രാന്തങ്ങളിലെ പല പഞ്ചായത്തുകളിലും ജനങ്ങള്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണെന്നും ധര്‍ണ്ണയില്‍ സംസാരിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നഗരത്തിലെ ബഹുഭൂരിപക്ഷം വരുന്ന പൈപ്പുലൈനുകള്‍ പൊട്ടി വെള്ളം പാഴായിട്ടും വാട്ടര്‍ അതോറിറ്റിയോ നഗരസഭാധികൃതരോ ഇതിന് പരിഹാരം കാണുന്നില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: