തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് ബിഎംഎസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് പത്ത് ലക്ഷം തൊഴിലാളികള്‍ മാര്‍ച്ച് നടത്തുകയാണ്. തൊഴിലാളികളുടെ ജീവിതത്തെ തകര്‍ക്കുന്ന നയസമീപനങ്ങളാണ് യുപിഎ സര്‍ക്കാര്‍ തുടരുന്നത്. ഇതിനെതിരായ പ്രക്ഷോഭങ്ങളുടെ തുടക്കമാണ് ഇന്നത്തെ മാര്‍ച്ച്. ഈ സമരത്തെക്കുറിച്ചും ഇന്ത്യയിലെ ഏറ്റവുംവലിയ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ നയസമീപനങ്ങളെക്കുറിച്ചും അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ.സജിനാരായണന്‍ ‘ജന്മഭൂമി’യോട് സംസാരിക്കുന്നു.
ഈ മാര്‍ച്ചിന്റെ അടിയന്തര സാഹചര്യമെന്താണ്?
യുപിഎ സര്‍ക്കാര്‍ തികച്ചും തൊഴിലാളി വിരുദ്ധ- ജനവിരുദ്ധ-കര്‍ഷകവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഏറ്റവും അഴിമതി നിറഞ്ഞ ഭരണമെന്ന ഖ്യാതി ഇതിനോടകം യുപിഎ സര്‍ക്കാര്‍ നേടിക്കഴിഞ്ഞു. മന്ത്രിമാര്‍ അഴിമതിപ്പണം കുന്നുകൂട്ടുകയാണ്. ഇതില്‍ പിടിയിലായ പല മന്ത്രിമാരും ജയിലിലാണ്. തൊഴില്‍ മേഖലയില്‍ തൊഴിലാളി വിരുദ്ധ നടപടികള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിലക്കയറ്റവും പെട്രോള്‍ വിലവര്‍ദ്ധനയും ജനങ്ങളെ പൊറുതിമുട്ടിച്ചു. സംഘടിത തൊഴില്‍ മേഖലയില്‍ കരാര്‍ തൊഴില്‍ വ്യാപിച്ചുവരുന്നതും അസംഘടിത തൊഴില്‍ മേഖലയില്‍ സാമൂഹിക സുരക്ഷിതത്വ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതും സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ്. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ അവകാശ സംരക്ഷണങ്ങള്‍ക്കും ജീവിത സുരക്ഷിതത്വത്തിനുംവേണ്ടി ബിഎംഎസ് കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ തുടക്കമാണ് ഇന്ന് ദല്‍ഹിയില്‍ ലക്ഷങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച്.
സമരത്തിന്റെ ആവശ്യങ്ങള്‍ ?
കരാര്‍ തൊഴില്‍ പൂര്‍ണമായി നിര്‍ത്തലാക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കുക, സാമൂഹ്യ സുരക്ഷിതത്വം സംഘടിത, അസംഘടിത മേഖലയിലും കൊണ്ടുവരിക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ ഉടന്‍ അവസാനിപ്പിക്കുക, അംഗന്‍വാടി, ആശ തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, രാജ്യത്തെ അഴിമതിയില്‍ നിന്നും മുക്തമാക്കുക, വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരിക, വിലക്കയറ്റം തടയുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങളാണ് ബിഎംഎസ് ഈ പ്രക്ഷോഭത്തിലൂടെ ഉന്നയിക്കുന്നത്.
സംയുക്ത ട്രേഡ് യൂണിയന്‍ സമരങ്ങളുടെ പ്രസക്തി?
സംയുക്ത ട്രേഡ് യൂണിയന്‍ സമരപാതയിലാണ്. ഇക്കഴിഞ്ഞ മെയ്മാസത്തില്‍ ദല്‍ഹിയിലെ ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന പന്ത്രണ്ട് ട്രേഡ് യൂണിയനുകളുടെ യോഗത്തില്‍ ഇത്തരം തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന തലങ്ങളിലും ജില്ലാതലങ്ങളിലും ഒത്തൊരുമിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള നിര്‍ണായക തീരുമാനമാണ് എടുത്തത്. യുപിഎ സര്‍ക്കാരിന്റെ ഭാഗമായ ഐഎന്‍ടിയുസി പോലും സംയുക്തട്രേഡ് യൂണിയനില്‍ അംഗമാണ് എന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കിങ്ങ്ഫിഷറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നിലപാടിനെക്കുറിച്ച്?
സാമ്പത്തിക ശാസ്ത്രത്തെ തലകീഴായി നിര്‍ത്തിക്കൊണ്ടുള്ള വിചിത്രമായ നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേത്. ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് കൈമാറാന്‍ ഒരു വശത്ത് സര്‍ക്കാര്‍ ധൃതി കാണിക്കുമ്പോള്‍ മറുവശത്ത് നഷ്ടത്തിലോടുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ നഷ്ടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആവേശം കാണിക്കുകയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കിങ്ങ്ഫിഷറിന്റെ 7000 കോടി രൂപയുടെ നഷ്ടം ഏറ്റെടുക്കുന്നതിന് പ്രധാനമന്ത്രി തന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടും സ്വകാര്യ ഫണ്ടും മാനേജ്മെന്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുകയാണ്. ഇത് രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തി ഖജനാവിന് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തും. ദുര്‍ഭരണം മൂലം നഷ്ടത്തിലായ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയാണ് വേണ്ടത്.
കേരളത്തിന്റെ തൊഴില്‍പ്രശ്നങ്ങളെ ബിഎംഎസ്‌എങ്ങനെയാണ് കാണുന്നത്?
കേരളത്തിന്റെ തൊഴില്‍ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ സദാ ജാഗരൂകരായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായി ബിഎംഎസ് മാറിക്കഴിഞ്ഞു. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി എന്നും സമരത്തിന്റെ പാതയിലാണ് ബിഎംഎസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: