കൊച്ചി: ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ കൊച്ചി ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തി. സിബിഐ കൊച്ചി ഓഫീസിലെ ഇന്‍സ്പെക്ടര്‍മാരായ സന്തോഷ്കുമാര്‍, ജ്യോതികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് റെയ്ഡ് നടത്തിയത്.ഹിന്ദിപ്രചാരസഭയെ ചുറ്റിപ്പറ്റി വന്‍ സാമ്പത്തിക തിരിമറി നടക്കുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ്. മൂന്ന് കാര്യങ്ങളാണ് സിബിഐ സംഘം അന്വേഷണവിധേയമാക്കിയത്. ട്രസ്റ്റിന്തിരെയുള്ള സാമ്പത്തിക തിരിമറി, പ്രൊവിഡന്റ് ഫണ്ടില്‍ 35 ലക്ഷം രൂപയുടെ തിരിമറി നടത്തിയത്, ട്രസ്റ്റിന് ലഭിച്ച ഇന്നോവ കാര്‍ എന്തുചെയ്തു എന്നീ കാര്യങ്ങളാണ് റെയ്ഡില്‍ ഉള്‍പ്പെട്ടിരുന്നത്.
ഇന്നലെ രാവിലെ ഹിന്ദിപ്രചാരസഭയുടെ ചിറ്റൂര്‍ റോഡിലെ ഓഫീസിലെത്തിയ സംഘം രേഖകള്‍ പരിശോധിക്കുകയും ചെക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിഎഫ് ഫണ്ടിലെ 35 ലക്ഷം രൂപയുടെ തിരിമറി സംബന്ധിച്ച് തെളിവ് ലഭിച്ചതായാണ് സൂചന. പിഎഫിലേക്ക് എന്ന് പറഞ്ഞ് പിരിച്ചെടുത്ത പണം പിഎഫിലടക്കാതെ വകമാറ്റുകയായിരുന്നു. ഗുണ്ടാലിസ്റ്റില്‍പ്പെട്ട ഒരാളെ വിശിഷ്ടാംഗത്വം നല്കി സഭ ആദരിച്ചതായും കണ്ടെത്തി. ആലുവ സ്വദേശി അംജത്തിനെയാണ് ഹിന്ദിപ്രചാരസഭ ആദരിച്ചത്. സിനിമാസംവിധായകന് രൂപേഷ് പോളിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ കൈക്കലാക്കിയ കേസിലുള്‍പ്പെട്ട പല ക്രിമിനല്‍ കേസിലും പ്രതിയായ അംജിത്ത് ഇപ്പോള്‍ ജയിലിലാണ്. വി.എസ്. അച്യുതാനന്ദന്, തെന്നല ബാലകൃഷ്ണപിള്ള, ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ എന്നിവരെ ഒഴിവാക്കിയാണ് ഗുണ്ടയായ അംജിത്തിന് വിശിഷ്ടാംഗത്വം നല്കി ആദരിച്ചത്.
ഹിന്ദിപ്രചാരസഭയുടെ ചോറ്റാനിക്കരയിലുള്ള 22 സെന്റ് സ്ഥലം ട്രസ്റ്റിന്റെ ചുമതലയിലുള്ള ഒരാള്‍ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രഫണ്ടില്‍ ഒരു സൊസൈറ്റി എന്ന നിലയിലാണ് ഹിന്ദിപ്രചാരസഭ പ്രവര്‍ത്തിക്കുന്നത്. 100 കോടി രൂപയുടെ ആസ്തിയുള്ള ഇതിന് വര്‍ഷം ഒന്‍പത് കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്.
ഹിന്ദിപ്രചാരസഭക്കുവേണ്ടി ഒരു ഇന്നോവ കാര്‍ നല്‍കിയിരുന്നു. ട്രസ്റ്റിന്റെ പേരിലുണ്ടായിരുന്ന ഈ കാര്‍ ഇപ്പോള്‍ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ്. അംജിത്തിന്റെ കീഴിലുള്ള ഗുണ്ടാസംഘം ഈ കാര്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ സിബിഐക്ക് ലഭിച്ചതായാണ് സൂചന. രേഖകള്‍ പരിശോധിച്ചശേഷമേ ചിത്രം വ്യക്തമാകൂവെന്നും സിബിഐ സൂപ്രണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: