മെല്‍ബോണ്‍: ഭീകരവാദത്തിനും വിശിഷ്യ അഫ്ഗാന് അതിര്‍ത്തിയിലെ തീവ്രവാദത്തിനും എതിരെ പാക്കിസ്ഥാന് നടപടികള്‍ കൈക്കൊള്ളണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജലിയ ഗില്ലാര്‍ഡ് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍നിന്ന് ഓസ്ട്രേലിയന്‍ പട്ടാളക്കാരെ പിന്‍വലിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ പാര്‍ലമെന്റിന് നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ഉറുസ്ഗന്‍ പ്രവിശ്യയിലെ പട്ടാളക്കാരുടെ പ്രാഥമിക പരിശീലനം പൂര്‍ത്തിയായി. അഫ്ഗാന് അധികൃതര്‍ സുരക്ഷ ഏറ്റെടുക്കുന്നതുവരെ രാജ്യത്തെ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ തുടരും. കഴിഞ്ഞ ഒരു വര്‍ഷത്തിനുശേഷവും അഫ്ഗാനിസ്ഥാനിലുള്ള തങ്ങളുടെ ദേശീയ താല്‍പ്പര്യത്തിന് കുറവു വന്നിട്ടില്ലെന്നും ആ രാജ്യത്തെ തങ്ങള്‍ ഉപേക്ഷിക്കുകയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ അഫ്ഗാനിസ്ഥാന് അധികാരം കൈമാറിയതിനുശേഷമുള്ള പദ്ധതികളാണാലോചിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2014 നുശേഷം അഫ്ഗാന്റെ വികസനത്തിനും പരിശീലനത്തിനും ഓസ്ട്രേലിയ മുന്‍കൈയെടുക്കും. അന്തര്‍ദ്ദേശീയ ഭീകരതയുടെ ഒളിത്താവളം ആയി ഭീകരര്‍ക്ക് പരിശീലനം നല്കുന്ന രാഷ്ട്രമായി അഫ്ഗാനിസ്ഥാന് മാറാതിരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വെളിപ്പെടുത്തി. പാക്കിസ്ഥാന് തീവ്രവാദത്തിനെതിരെ പ്രത്യേകിച്ച് അഫ്ഗാന് അതിര്‍ത്തിയിലെ തീവ്രവാദത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സമയമായതായി ഗില്ലാര്‍ഡ് പറഞ്ഞു.
ഇത്തരം ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് ഓസ്ട്രേലിയയുടേയും അഫ്ഗാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുതകുമെന്ന് ഗില്ലാര്‍ഡ് അറിയിച്ചു. താലിബാനികള്‍ സമ്മര്‍ദ്ദത്തിലാണെന്നും അതിന്റെ നേതൃത്വം ദുര്‍ബലമായതിനാല്‍ പുതിയ ആളുകളെ നിയമിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: