കൊച്ചി: കേന്ദ്രഗവണ്മെന്റ് സ്ഥാപനമായ ഐആര്‍ഇ ചവറ ഫാക്ടറിയുടെ പ്രതിസന്ധി പരിഹരിച്ച് സംസ്ഥാനത്തെ അനുബന്ധ വ്യവസായങ്ങളെ സംരക്ഷിക്കുവാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സ്റ്റാന്റിംഗ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഐആര്‍ഇയില്‍നിന്നും ഇല്‍മനൈറ്റ് കഴിഞ്ഞ ഒരു മാസമായി ലഭിക്കാത്തതിനാല്‍ എടയാറിലെ സിഎംആര്‍എല്‍ ഫാക്ടറി അടച്ചുപൂട്ടലിന്റെ വക്കിലാണ്. 2011 ഒക്ടോബര്‍ 24 മുതല്‍ ഐആര്‍ഇ ഇല്‍മനൈറ്റ് സപ്ലൈ നിര്‍ത്തിവെച്ചിരിക്കുന്നു. ഈ പ്രതിസന്ധി കെഎംഎംഎല്ലിനെയും ടിടിപിയെയും ഏലൂരിലെ ഐആര്ഇയെയും ബാധിക്കും.
ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉപഭോക്താക്കള്‍ പ്രതിസന്ധിയിലായത് ടിസിസിയെയും എച്ച്എന്‍എല്‍, നിറ്റാജലാറ്റിന്‍, എവിറ്റി എന്നീ സ്ഥാനങ്ങളെയും രൂക്ഷമായ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
പതിനായിത്തോളം തൊഴിലാളികളെയും അവരുടെ ആശ്രിത കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന ഈ സ്ഥിതിവിശേഷം രൂക്ഷമാക്കുവാന്‍ സ്വകാര്യ കരിമണല്‍ കള്ളക്കടത്തുകാരും തൂത്തുക്കുടിയിലെ ഒരു പ്രമുഖ സ്വകാര്യസ്ഥാപനവും അണിയറയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. അടിസ്ഥാനമായുള്ള സംസ്ഥാനത്തെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള വ്യവസായങ്ങളെ തകര്‍ക്കുവാനുള്ള ചില സ്വകാര്യ കേന്ദ്രങ്ങളുടെ നീക്കമായി വേണം ഇപ്പോഴത്തെ പ്രതിസന്ധിയെയും നോക്കിക്കാണാന്‍. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് കൊല്ലത്തെ ചില കേന്ദ്രങ്ങളും ചില രാഷ്ട്രീയ പ്രവര്‍ത്തകരും എടയാറില്‍ ഗവണ്മെന്റിന്റെ ലൈസന്‍സ് പ്രകാരം ഇല്‍മനൈറ്റില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതും ആയിരത്തോളം തൊഴിലാളികള്‍ ജോലിചെയ്യുന്നതുമായ സിഎംആര്‍എല്‍ കമ്പനിയെ സ്വകാര്യ കരിമണല്‍ ലോബിയായി മുദ്രകുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. കേരള തീരത്തുള്ള വന്‍ ധാതുമണല്‍ സമ്പത്ത് നയാപൈസ വില നല്‍കാതെ യഥേഷ്ടം കേരളത്തിന് പുറത്തേക്ക് വാരിക്കൊണ്ടുപോകുമ്പോള്‍, ഐആര്‍ഇ നിശ്ചയിച്ചിട്ടുള്ള കൃത്യമായ പണം നല്‍കിയാണ് സിഎംആര്‍എല്‍ ഇല്‍മനൈറ്റ് വാങ്ങുന്നത്.
1989 ലാണ് സിഎംആര്‍എല്‍ 13 ശതമാനം സര്‍ക്കാര്‍ ഓഹരി പങ്കാളിത്തത്തോടെ ആലുവയില്‍ സ്ഥാപിച്ചത്. കോടികള്‍ മുടക്കി പുതിയ എക്സ്പാന്ഷന് സിഎംആര്‍എല്‍ ഏറ്റെടുത്തത് ഐആര്‍ഇയില്‍നിന്നും ഇല്‍മനൈറ്റ് ലഭ്യമാകുമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ്. ഇല്‍മനൈറ്റ് കിട്ടാതെ വന്നപ്പോള്‍ ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത് സിഎംആര്‍എല്ലിന് ഭീമമായ ബാധ്യതയാണ് വരുത്തിയത്. മൈനിംഗ് ലീസ് കേരളത്തില്‍ ഐആര്‍ഇക്കും കെഎംഎംഎല്ലിനും മാത്രമാണുള്ളത്. മൈനിംഗ് ലീസ് ഇല്ലാത്ത കമ്പനികളായ പൊതുമേഖലയലുള്ള ടിടിപിക്കും സ്വകാര്യ മേഖലയിലുള്ള സിഎംആര്‍എല്ലിനും ഇല്‍മനൈറ്റ് ഉറപ്പാക്കുവാനുള്ള ബാധ്യത ചവറ ഐആര്‍ഇക്കുണ്ട്. ഇത് കേവലം ഐആര്‍ഇയും സിഎംആര്‍എല്ലും തമ്മിലുള്ള കരാര്‍ മാത്രമല്ല മാറിമാറി വന്ന സംസ്ഥാനസര്‍ക്കാരുകളുടെ ഉത്തരവുകളുമുണ്ട്.
ഐആര്‍ഇ, സിഎംആര്‍എല്ലിന് വിലകുറച്ച് ഇല്‍മനൈറ്റ് നല്കുന്നു. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ട് എന്ന് പറഞ്ഞ് കൊല്ലം-ചവറ പ്രദേശത്ത് കള്ളപ്രചാരണവും ചിലര്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുകയാണ്. സിബിഐ കേസില്‍നിന്നും രക്ഷപ്പെടാന്‍ ഐആര്‍ഇ ശ്രമിക്കുകയാണ് എന്നാണ് പ്രചാരണം.
ഇതിന് മറുപടി പറയേണ്ടത് പ്രധാനമന്ത്രിയുടെവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആറ്റമിക് ഡിപ്പാര്‍ട്ടുമെന്റും ഐആര്‍ഇ മുംബൈ ഓഫീസുമാണ്. കേരളത്തില്‍ സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന് മാത്രമല്ല പൊതുമേഖലയിലുള്ള ടിടിപിക്കും കുറഞ്ഞ താരീഫാണ് ഇല്മനൈറ്റിനുള്ളതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
മൈനിംഗ് ലീസ് ഇല്ലാത്ത കമ്പനികള്‍ക്കും ലീസ് ഉള്ള കമ്പനികള്‍ക്കും രണ്ടുതരം താരിഫ് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരിന്റെ പോളിസി പ്രകാരം നിലനില്‍ക്കുന്നതാണ്. അല്ലാതെ സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന് ഐആര്‍ഇ ഒരു ഔദാര്യവും നല്‍കുന്നില്ല എന്നതാണ് വസ്തുത.
ദശാബ്ദങ്ങളായി ഐആര്‍ഇയുടെ മൈനിംഗ് മേഖലയില്‍ ഇപ്പോഴുള്ളതുപോലെ ഒരു തടസപ്പെടുത്തല്‍ വന്നതായി അറിവില്ല. ലീസിലുള്ള മൈനിംഗ് ഭൂമി മൈനിംഗ് കഴിഞ്ഞാല്‍ ഒറിജിനല്‍ ഉടമക്കുതന്നെ ലഭിക്കുമായിരുന്നു. എന്നാല്‍ ഐആര്‍ഇ ആവശ്യപ്പെടാതെ തന്നെ ബന്ധപ്പെട്ട റവന്യൂ അധികൃതര്‍ ലീസ് ഭൂമി ഖാനനശേഷം ഐആര്‍ഇക്ക് തന്നെ നല്കുവാന് കഴിയുന്ന തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയതായി അറിയുന്നു. ഈ തെറ്റായ നടപടി ജനങ്ങളെ ആശങ്കയില്‍ ആക്കിയിരിക്കുകയാണ്.
ഈ നടപടി തെറ്റാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഒക്ടോബര്‍ 26 ന് ഉറപ്പ് നല്‍കിയതാണ്. കൊല്ലം ആര്‍ഡിഒയും ഇക്കാര്യം സമരക്കാരെ അറിയിച്ചിരുന്നു. സംയുക്ത ട്രേഡ്യൂണിയനുകളും ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളായ സിഎംആര്‍എല്‍, ടിസിസി, ഐആര്‍ഇ യൂണിയന് ഭാരവാഹികളും മുഖ്യമന്ത്രി, വ്യവസായമന്ത്രി, തൊഴില്‍മന്ത്രി എന്നിവരെ കണ്ട് നിവേദനം നല്‍കുകയും ബന്ധപ്പെട്ട മന്ത്രിമാര്‍ ഉടന്‍ പ്രശ്നത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്. നവംബര്‍ 28 ന് മാത്രമാണ് ഇക്കാര്യത്തില്‍ ഉന്നതതലചര്‍ച്ച വിളിച്ചിട്ടുള്ളതായി അറിയിച്ചിട്ടുള്ളത്.
ഈ കാലതാമസം വഴി ഏതെങ്കിലും വ്യവസായം അടച്ചുപൂട്ടുകയോ തൊഴിലാളികളെ ലേ ഓഫ് ചെയ്യുകയോ ചെയ്താല്‍ അത് വ്യവസായമേഖലക്ക് ആകെ വന്‍ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക. തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയിലെ ഐആര്‍ഇ ഫാക്ടറിയിലെ പ്രവര്‍ത്തനം നിശ്ചലമാകുവാന്‍ അന്തര്‍സംസ്ഥാന കരിമണല്‍ ലോബിയായ പ്രമുഖ സ്ഥാപനമാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. ഇവര്‍തന്നെയാണ് ചവറയിലും പണം വാരിയെറിഞ്ഞ് ചില തല്പരകക്ഷികളെ രംഗത്തിറക്കിയിട്ടുള്ളത് എന്നും പറയുന്നു. ഹൈഡ്രോക്ലോറിക് ആസിഡ് ഉല്പാദിപ്പിച്ചിട്ട് അത് വിറ്റഴിക്കാന്‍ കഴിയാതെവന്നാല്‍ പൊതുമേഖലയിലുള്ള ടിസിസിയെ വന്‍ പ്രതിസന്ധിയിലേക്ക് നയിക്കും. ടിസിസിയെ ആശ്രയിച്ച് നില്ക്കുന്ന എല്ലാ വ്യവസായങ്ങളും കുഴപ്പത്തിലാകുകയും ക്ലോറിന്‍ ഉല്പാദനം നിലച്ചാല്‍ കുടിവെള്ള ശുദ്ധീകരണം പാടേ തകരാറിലാകുകയും ചെയ്യും.
വ്യവസായങ്ങളെ സംരക്ഷിക്കുവാനായി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്. വ്യവസായങ്ങള്‍ അടച്ചുപൂട്ടപ്പെടുന്ന സ്ഥിതി വന്നാല്‍, സംസ്ഥാനവ്യാപകമായി മതിയായ പ്രക്ഷോഭ സമരങ്ങള്‍ക്ക് സംയുക്ത ട്രേഡ് യൂണിയനുകള്‍ രംഗത്ത് വരാന്‍ നിര്‍ബന്ധിതരാവും. കളമശ്ശേരിയിലെ കെഎസ്പിസി ഹാളില്‍ ഇന്ന് വൈകിട്ട് നാലിന് ചേരുന്ന സ്റ്റാന്റിംഗ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ യോഗം ഭാവി പരിപാടികള്‍ ആവിഷ്കരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ബഹനാന് എംഎല്‍എ, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ്, എന്‍.കെ. ജിന്നാന് (ഐന്‍ടിയുസി), വി.എം. ശശി, പി.എസ്് ഗംഗാധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: