കണ്ണൂര്‍: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ജയരാജന് പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുതന്നെ പാതയോരത്ത് യോഗം നടത്താനും മതഘോഷയാത്ര നടത്താനുമുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം ജനകീയ കോടതിയില്‍ തുടരും. പോരാട്ടം ജുഡീഷ്യറിക്കെതിരായ പോരാട്ടമല്ല, പാതയോരത്ത് യോഗം നടത്തുന്നത് സംബന്ധിച്ച നിയമസഭ പാസാക്കിയ നിയമം യു.ഡി. എഫ് സര്‍ക്കാരിനെ കൊണ്ട് നടപ്പാക്കാനുള്ള പോരാട്ടമായി മാറുമെന്നും ജയരാജന് പറഞ്ഞു.
ഇന്നലെ ജയില്‍മോചിതനായ ജയരാജന് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കണ്ണൂരിലെത്തിയത്. റെയില്‍വേ സ്റ്റേഷനിലെത്തിയ ജയരാജനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജയരാജന് അനുകൂലമായി മുദ്രാവാക്യം പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ കോടതിക്കെതിരെയും മുദ്രാവാക്യം വിളിച്ചു.
തുടര്‍ന്ന് പെരളശേരിയിലെത്തിയ ജയരാജന് നുറു കണക്കിന് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു. യാത്രയ്ക്കിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജയരാജന് സ്വീകരണം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: