ശബരിമല: ഇനി ശരണംവിളിയുടെ നാളുകള്‍. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിഗിരിനാഥന്റെ തിരുനട ഇന്നു തുറക്കും. തന്ത്രി കണ്ഠരര് മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എഴിക്കാട് ശശിനമ്പൂതിരി വൈകിട്ട് 5.30 ഓടെ നടതുറന്ന് ദീപം തെളിയിക്കും. വൈകിട്ട് 7മണിയോടെ പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങുകള്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തിരുനടയ്ക്കു മുന്നിലുള്ള സോപാനത്തില്‍ നിയുക്ത മേല്‍ശാന്തി ബാലമുരളിയെ ഇരുത്തി തന്ത്രി കണ്ഠര് മഹേശ്വരര് കലശം പൂജിച്ച് തീര്ത്ഥമാടും. അതിന് ശേഷം മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ചെവിയില്‍ ഓതിക്കൊടുക്കും. തുടര്‍ന്ന് തന്ത്രി മാളികപ്പുറത്തെത്തി മാളികപ്പുറം നിയുക്ത മേല്‍ശാന്തി ഈശ്വരന് നമ്പൂതിരിയുടേയും അവരോധ ചടങ്ങ് നടത്തും.
കഴിഞ്ഞ ഒരുവര്‍ഷം പുറപ്പെടാ മേല്‍ശാന്തിമാരായിരുന്ന എഴിക്കാട് ശശിനമ്പൂതിരിയും ധനഞ്ജയന്നമ്പൂതിരിയും ശബരിമലയിലെ നിയോഗം പൂര്‍ത്തിയാക്കി ഇന്ന് രാത്രി നടയടച്ച ശേഷം മലയിറങ്ങും. രാത്രി 10.30 ഓടെ ഹരിവരാസനം ചൊല്ലി നട അടച്ചശേഷം മേല്‍ശാന്തി എഴിക്കാട് ശശി നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കൈമാറും. തുടര്‍ന്ന് അദ്ദേഹം പുതിയ മേല്‍ശാന്തിയായി അവരോധിതനായ എന്‍.ബാലമുരളിക്ക് താക്കോല്‍ നല്‍കും. വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് ശബരീശന്റേയും മാളികപ്പുറത്തമ്മയുടേയും തിരുനടകള്‍ തുറന്ന് നിര്‍മ്മാല്യദര്‍ശനം ഒരുക്കുന്നത്. വൃശ്ചികപ്പുലരിയില്‍ ഭഗവത് ദര്‍ശനത്തിനായി അയ്യപ്പന്മാര് പമ്പയില്‍ രണ്ടുദിവസമായി വിരിവെച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് ദിവസങ്ങളായി പമ്പയില്‍ വിശ്രമിക്കുന്നത്.
ഈ തീര്‍ത്ഥാടനക്കാലം മുതല്‍ ശബരിമലയില്‍ ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ 3 ന് നടതുറക്കും. ഉച്ചയ്ക്ക് 1 ന് നട അടച്ച ശേഷം വീണ്ടും 3 മണിക്ക് തുറക്കുന്ന നട രാത്രി 11.45 നുമാത്രമേ ഹരിവരാസനം ചൊല്ലി അടയ്ക്കുകയുള്ളൂ. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകരുടെ തിരക്ക് കുറയ്ക്കുന്നതിനായി മാളികപ്പുറത്തിന് സമീപത്തു നിന്നും ഭസ്മക്കുളത്തിന് പിന്നിലൂടെ പുതിയതായി നിര്‍മ്മിച്ച പാതയിലൂടെയാണ് ഭക്തരെ ചന്ദ്രാനന്ദന്‍ റോഡിലേക്ക് കടത്തിവിടുന്നത്. ബെയ്ലി പാലം നിലകൊള്ളുന്ന ഈപാതയോരത്ത് ഭക്തര്‍ക്ക് അപ്പം, അരവണ വഴിപാട് പ്രസാദങ്ങള്‍ വാങ്ങുന്നതിനുള്ള ആറ് കൗണ്ടറുകളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. നടതുറക്കുന്നതിന് മുമ്പുതന്നെ 25 ലക്ഷം ടിന് അരവണയും 9 ലക്ഷത്തിലേറെ അപ്പവും ശേഖരിച്ചിട്ടുണ്ട്. മണ്ഡല മഹോത്സവത്തിനായി ഇന്ന് തുറക്കുന്ന ശബരിമല നട മണ്ഡലപൂജയ്ക്ക് ശേഷം 27ന് അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: