ജയ്പൂര്‍: വന്‍വിവാദമായ ഭന്‍വാരി ദേവി കേസ് ഉയര്‍ത്തിയ രാഷ്ട്രീയ കൊടുങ്കാറ്റില്‍ രാജസ്ഥാനിലെ അശോക് ഗെലോട്ട് മന്ത്രിസഭയിലെ മന്ത്രിമാര്‍ കൂട്ടരാജിക്കൊരുങ്ങുന്നു. പുതിയ മന്ത്രിസഭ ഉടന്‍ രൂപീകരിക്കും. മുഖ്യമന്ത്രിയായി ഗെലോട്ട് തുടരും. ഭന്‍വാരി ദേവിയെന്ന ദളിത് നഴ്സിനെ ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊന്ന സംഭവവും തുടര്‍ന്നുള്ള മന്ത്രിസഭയുടെ രാജിയും പാര്‍ട്ടി നേതൃത്വത്തിന് വന്‍ തിരിച്ചടിയായിരിക്കയാണ്.
മന്ത്രിമാര്‍ ഉള്‍പ്പെട്ട കൊലക്കേസ് വന്‍ വിവാദമാവുകയും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ജനവികാരവും ഉയരുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ അടിയന്തര യോഗത്തിലാണ് രാജി തീരുമാനം. മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയെന്നും ഇത് പാര്‍ട്ടി ഹൈക്കമാന്‍ഡിന് കൈമാറുമെന്നും യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ മന്ത്രി ശാന്തി ധരിവാള്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ ഗെലോട്ട് ഉടന്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ഭന്‍വാരി ദേവി കേസ് ഉണ്ടാക്കിയ നാണക്കേടില്‍നിന്ന് തലയൂരാന്‍ രാജസ്ഥാന് സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് മന്ത്രിമാരുടെ രാജി. അടിയന്തര യോഗത്തില്‍ 16 കാബിനറ്റ് മന്ത്രിമാരും 11 സഹമന്ത്രിമാരും പങ്കെടുത്തു. പതിവിന് വിപരീതമായി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ഇന്നലെ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയപ്പോള്‍ തന്നെ രാജസ്ഥാന് സര്‍ക്കാരിന്റെ പതനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ദളിത് യുവതിയും നഴ്സുമായ ഭന്‍വാരി ദേവിയെ തട്ടിയെടുത്ത് കൊന്നുവെന്ന കേസിന്റെ പേരില്‍ ഉയരുന്ന വന്‍വിവാദങ്ങളും പൊതുജന സമ്മര്‍ദ്ദവും പ്രതിപക്ഷത്തിന്റെ വിമര്‍ശനവുമെല്ലാം കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ ആശങ്കപ്പെടുത്തിയിരുന്നു.
കഴിഞ്ഞ സപ്തംബറില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കായ ഗോപാല്‍ഗഢില്‍ മിയോ മുസ്ലീങ്ങള്ക്കുനേരെയുണ്ടായ പോലീസ് വെടിവെപ്പ് ഭരണകക്ഷിക്ക് ഉണ്ടാക്കിയ തിരിച്ചടിക്ക് പിന്നാലെയാണ് ഭന്‍വാരി കേസും ഉണ്ടായിരിക്കുന്നത്. ഈ സംഭവത്തെ ഗെലോട്ട് സര്‍ക്കാരിലെ മന്ത്രിമാരില്‍ ഒരാളായ ശാന്തി ധരിവാള്‍ കൈകാര്യം ചെയ്ത രീതിയും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. സമീപകാല സംഭവങ്ങള്‍ വന്‍തിരിച്ചടികള്‍ക്ക് വഴിതെളിച്ച സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗെലോട്ട് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദളിത് നഴ്സിനെ തട്ടിയെടുത്ത് കൊന്ന കേസില്‍ ഊര്‍ജമന്ത്രിയായ മഹിപാല്‍ മദേര്ണയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ മന്ത്രിമാരുടെ പങ്കാളിത്തം പുറത്തായത്. ഇതിനിടെ, ഭന്‍വാരി കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മല്ഖന്സിങ്ങ് ബിഷ്ണോയിയുടെ സഹോദരനെ ചോദ്യംചെയ്യാന്‍ ബിലാസാ ഗ്രാമത്തിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: