ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്‍നിന്നും ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യംസ്വാമിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. പൊതുപ്രവര്‍ത്തകരുടെ പ്രതിഛായ ഇടിച്ചുതാഴ്ത്തുകയാണ് സുബ്രഹ്മണ്യംസ്വാമിയെന്ന് സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്കാന് സ്വാമി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചു.
സ്പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വാമി നല്കിയ ഹര്‍ജി സുപ്രീംകോടതി വാദം കേട്ട് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. അതിനിടെയാണ് സുബ്രഹ്മണ്യംസ്വാമിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ബംഗളൂരുവില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സുബ്രഹ്മണ്യംസ്വാമി ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് ഹര്‍ജി. സ്പെക്ട്രം ഇടപാടില്‍ ഇപ്പോള്‍ കുടുങ്ങിയ എ. രാജ ചെറിയ മത്സ്യം മാത്രമാണെന്നും തിമിംഗലങ്ങള്‍ ഇനിയും ഉണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം.
സ്പെക്ട്രം ഇടപാടില്‍ നിലപാടുകളെടുത്തത് ചിദംബരമായിരുന്നുവെന്നും സോണിയാഗാന്ധി, കരുണാനിധി ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമ്പത്തികലാഭം ഉണ്ടായെന്നും സ്വാമി ആരോപിച്ചിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ സുബ്രഹ്മണ്യംസ്വാമി പരസ്യപ്രസ്താവന നടത്തിയത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് അംഗങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ പൊതുപ്രവര്‍ത്തകരുടെ വില ഇടിച്ചുകാണിക്കുന്നതാണ് സുബ്രഹ്മണ്യംസ്വാമിയുടെ പ്രസ്താവനകളെന്നും അത് തടയണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ എതിര്‍കക്ഷിക്ക് ഹര്‍ജിയുടെ പകര്‍പ്പ് നല്‍കണമെന്ന സാമാന്യമര്യാദ പോലും പാലിക്കാത്ത സര്‍ക്കാര്‍ ഹര്‍ജി മാധ്യമങ്ങള്‍ക്ക് നല്കിയ നടപടി തെറ്റാണെന്ന് സുബ്രഹ്മണ്യംസ്വാമി പ്രതികരിച്ചു.
ഇതിനിടെ, സ്പെക്ട്രം ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുന്ന പിഎസി അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷിക്കെതിരെയും കോണ്‍ഗ്രസ് ഇന്നലെ രംഗത്തെത്തി. ഇടപാട് സംബന്ധിച്ച രേഖകള്‍ ഉടന്‍ നല്കാന് സിഎജി ഉദ്യോഗസ്ഥരോട് ജോഷി ആവശ്യപ്പെട്ടതായാണ് സ്പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിക്കുന്നത്.
അതേസമയം, സ്പെക്ട്രം അഴിമതിമൂലം രാജ്യത്തിനുണ്ടായ നഷ്ടം 2,645 കോടി രൂപ മാത്രമാണെന്ന നിലപാടില്‍ മുന്‍ സിഎജി ഉദ്യോഗസ്ഥനായ ആര്.പി. സിംഗ് അവകാശപ്പെടുന്നു.
സ്പെക്ട്രം തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫീസിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ (ഓഡിറ്റ്) ആര്.പി. സിംഗാണ് കഴിഞ്ഞ ദിവസം ഇക്കാര്യം ആവര്‍ത്തിച്ചത്. സ്പെക്ട്രം ലേലം ചെയ്യാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയും കേന്ദ്രമന്ത്രിസഭയും തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ നഷ്ടം കൃത്യമായി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞതായി യുപിഎ നേതാവും ജെപിസി അംഗവുമായ വ്യക്തി പറഞ്ഞു. ഇതേസമയം, സ്പെക്ട്രം തട്ടിപ്പുമൂലമുണ്ടായ നഷ്ടം 1.76 കോടി രൂപയാണെന്ന നിഗമനത്തില്‍ സിഎജി എത്തിയതെങ്ങിനെയെന്ന് നേരത്തെ സിംഗ് പിഎസി മുമ്പാകെ വിശദീകരിച്ചിരുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സിംഗ് ഏത് നിലപാടിലാണ് ഉറച്ചുനില്ക്കുന്നതെന്നറിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: