കൊച്ചി: സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ കോടതയിലക്ഷ്യ കേസില്‍ ആറു മാസം തടവിന് ശിക്ഷിച്ച ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധിയില്‍ പ്രതിഷേധിച്ച് സി.പി.എം ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ ബഹുജനപ്രക്ഷോഭം അവസാനിച്ചു. ഉച്ചയോടെ സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പ്രക്ഷോഭം അവസാനിച്ചതായി പ്രഖ്യാപിച്ചു.
രാവിലെ എട്ടു മണിക്ക് ആരംഭിച്ച പ്രക്ഷോഭം ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു. നിശബ്ദരായി പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ കോടതിക്ക് മുമ്പിലെത്തിയത്. സമാധാനപരമായ പ്രക്ഷോഭത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിള അസോസിയേഷന്, സിഐടിയു പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇരുപതിനായിരത്തില്‍ അധികം പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നതായി എം. വി. ഗോവിന്ദന് അറിയിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, തോമസ് ഐസക്, സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദന് മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ്, ശ്രീരാമകൃഷ്ണന്, ചന്ദ്രന്‍പിള്ള, സി.എം ദിനേശ്മണി, ഗോപി കോട്ടമുറിക്കല്‍, മണിശങ്കര്‍, ബിജു, എം. സ്വരാജ് തുടങ്ങിയ നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന സമരം നടത്തരുതെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര് അജിത്കുമാര്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുകയോ, കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: