കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം.വി. ജയരാജനെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് സിപിഎം ഹൈക്കോടതിക്ക് മുന്നില്‍ ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധസമരത്തിന് പോലീസ് വിലക്ക്. സമരത്തെ നേരിടാന്‍ നഗരത്തില്‍ വന്‍ പോലീസ് സന്നാഹം.
ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന പ്രതിഷേധ സമരം വിലക്കിക്കൊണ്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. അജിത്കുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നോട്ടീസ് നല്കി.
എന്നാല്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തിലുള്ള സമരത്തിനാണ് സിപിഎം രൂപം നല്‍കിയിരിക്കുന്നത്. ഒരു പ്രചാരണവും നല്‍കാതെ സംഘടിപ്പിച്ചിരിക്കുന്ന ഈ സമരം വ്യത്യസ്തത പുലര്ത്തുന്നതാക്കാനാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകരെ എത്തിക്കും. ഹൈക്കോടതിക്ക് മുന്നില്‍ പ്രകടനമോ മുദ്രാവാക്യങ്ങളുമില്ലാതെ നഗരത്തിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തകരെ കൂട്ടമായി നിലയുറപ്പിക്കാനാണ് സിപിഎം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രാവിലെതന്നെ ആരംഭിക്കുന്ന സമരം വൈകിട്ട് അഞ്ചുവരെയാണ്.
എന്നാല്‍ കോടതിക്കെതിരെയുള്ള സിപിഎം സമരത്തെ നേരിടാന്‍ പോലീസ് സര്‍വസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. നേരത്തെയുള്ള കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന തരത്തിലുള്ള ഒരു സമരവും അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിമാരെ തടയുന്നതിനോ മാര്‍ഗതടസം സൃഷ്ടിക്കുന്നതിനോ ആരെയും അനുവദിക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
സിപിഎം സമരത്തെ നേരിടാന്‍ എല്ലാവിധ സജ്ജീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതി പരിസരത്ത് നൂറുകണക്കിന് പോലീസിനെ ഇന്നലെ രാത്രിതന്നെ വിന്യസിച്ചു. കൂടാതെ കൊച്ചി നഗരം പോലീസ് വലയത്തിനുള്ളിലാക്കി. സമരത്തിന് പ്രവര്‍ത്തകരുമായി മറ്റ് ജില്ലകളില്‍നിന്നും വരുന്ന വാഹനങ്ങള്‍ വേണ്ടിവന്നാല്‍ അതാത് സ്ഥലത്തുവെച്ചുതന്നെ തടയുന്നതിനും പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സിപിഎമ്മിന്റെ ബ്രാഞ്ച് തൊട്ട് സംസ്ഥാനം വരെയുള്ള നേതാക്കളുടെ മേല്‍വിലാസങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സമരം കോടതിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും എതിരായാല്‍ എല്ലാ നേതാക്കളുടെയും പേരില്‍ കേസെടുക്കുന്നതിനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനും പോലീസ് തയ്യാറാകും.
ഇതിനിടെ ഹൈക്കോടതിക്കെതിരെയുള്ള ഇന്നത്തെ സമരം നടത്തുകതന്നെ ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: