ന്യൂദല്‍ഹി: ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ദേഹപരിശോധനക്ക് വിധേയനാക്കിയ ഇന്ത്യയുടെ മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോട് അമേരിക്ക മാപ്പുചോദിച്ചു. സംഭവം വന്‍വിവാദമാക്കുകയും പ്രതികാര നടപടി ഉണ്ടാവുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെയാണ് അമേരിക്ക ഖേദപ്രകടനത്തിന് തയ്യാറായത്.
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ കഴിഞ്ഞ സപ്തംബര്‍ 29 നാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ കയറുന്നതിന് മുമ്പ് 80 കാരനായ കലാമിനെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിമുടി പരിശോധനക്ക് വിധേയനാക്കി. തുടര്‍ന്ന് വിമാനത്തില്‍ കയറിയിരുന്ന കലാമിന്റെ ബൂട്ടുകളും ജാക്കറ്റും യുഎസ് ഭടന്മാര് എടുത്തുകൊണ്ടുപോവുകയും ചെയ്തു. വിമാനജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ വിമാനത്തില്‍ കടന്നത്. കലാം വിമാനത്തില്‍ കയറുന്നതിന് മുമ്പ് സ്ഫോടകവസ്തു പരിശോധന നടത്താന്‍ മറന്നതാണ് കാരണമത്രെ. ഇവ പിന്നീട് കലാമിന് മടക്കിനല്‍കി. ഈസംഭവത്തില്‍ അത്യധികം ഖേദമുണ്ടെന്നും കലാമിനെ തങ്ങള്‍ ഏറെ ആദരിക്കുന്നതായും അദ്ദേഹത്തിനും കേന്ദ്രസര്‍ക്കാരിനും എഴുതി നല്കിയ പ്രസ്താവനയില്‍ യുഎസ് ഭരണകൂടം അറിയിച്ചു.
സംഭവം പുറത്തായതോടെ ഇന്ത്യ ശക്തമായി പ്രതികരിച്ച സാഹചര്യത്തിലാണ് യുഎസ് എംബസി വഴി അമേരിക്കയുടെ ഖേദപ്രകടനമുണ്ടായത്. പ്രശ്നം യുഎസ് ഭരണകൂടത്തിലെ ഉന്നതരെ അറിയിക്കാന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമാറാവുവിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുമായുള്ള ശക്തമായ ബന്ധങ്ങളും പങ്കാളിത്തവും അമേരിക്ക അംഗീകരിക്കുന്നുവെന്നും എല്ലാ രംഗങ്ങളിലും നിലനില്‍ക്കുന്ന സഹകരണം തുടരുമെന്നും യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റര്‍ തയ്യാറാക്കിയ കത്തില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും യുഎസ് നേതൃത്വം അവകാശപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: