ബ്രസീലിയ: ബ്രസീലിലെ റിയോ ഡി ജെയിനെറോയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ റോസിന്ഹയില്നിന്ന് മയക്കുമരുന്നു സംഘങ്ങളെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി കഴിഞ്ഞ ദിവസം രാവിലെ പോലീസും പട്ടാളവും കവചിത വാഹനങ്ങളും ഹെലികോപ്ടറുകളും സംഭവസ്ഥലത്തെത്തിയതായി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. 2014 ലെ ലോകകപ്പിനും 2016 ലെ ഒളിമ്പിക്സിനും മുമ്പ് റിയോയില്‍ മയക്കുമരുന്നു വ്യാപാരം നിര്‍ത്തലാക്കാനാണ് അധികൃതരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം മയക്കുമരുന്നു സംഘത്തിലെ പ്രധാന കണ്ണിയായ അന്റോണിയോ ഫ്രാന്‍സിസ്കോ ബോണ്ഫിന് ലോപസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 70,000 പേര് താമസിക്കുന്ന റോസിന്ഹയിലേക്ക് കടന്നുചെന്ന് ഒഴിപ്പിക്കല്‍ നടത്തുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. റിയോയുടെ തെക്കന്‍ പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഈ ചേരിയുടെ പ്രവേശന മാര്‍ഗങ്ങളില്‍ പോലീസ് തമ്പടിച്ച് പരിശോധന ആരംഭിച്ചതോടെ പലരും സ്ഥലം വിട്ടു. ഒരു കാറിന്റെ ഡിക്കിയില്‍ സഞ്ചരിക്കവേയാണ് അന്റോണിയോവിനെ പോലീസ് പിടികൂടിയത്. കാറിലെ ഡ്രൈവര്‍ താന്‍ കോങ്കോ റിപ്പബ്ലിക്കിന്റെ കൗണ്സലാണെന്നതിനാല് തനിക്ക് നയതന്ത്രപരിരക്ഷയുണ്ടെന്നും പോലീസിനോട് പറഞ്ഞു. ഇതിന് വഴങ്ങാതെ വന്നപ്പോള്‍ കാര്‍ ഓടിച്ചിരുന്ന ആള് 5,70,000 അമേരിക്കന്‍ ഡോളര്‍ കൈക്കൂലി നല്കാന് ശ്രമിച്ചെങ്കിലും അധികൃതര്‍ നിരസിച്ചു. ഡിക്കിയില്‍ ഒളിച്ചിരുന്ന അന്റോണിയോവിനെ അവര്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ പിടിയിലായത് ഒരു ചരിത്രസംഭവമാണെന്നാണ് സുരക്ഷ സെക്രട്ടറി ജോസ് മരിയ നോബെല്‍ ട്രാം അറിയിച്ചത്.
ചേരി പ്രദേശങ്ങളുടെ നിര്‍മാര്‍ജനത്തിനായി ലഹരി മരുന്നു വ്യാപാരികളെ ഒഴിപ്പിക്കുകയും അതിനുശേഷം ചേരിയില്‍ ഒരു സര്‍ക്കാര്‍ കേന്ദ്രമുണ്ടാക്കുകയും ചെയ്യും. ഇതോടെ ആരോഗ്യപരിരക്ഷ, വൈദ്യുതി എന്നീ സൗകര്യങ്ങളും ചേരികള്‍ക്കു നല്‍കും. ചേരികള്‍ ഇത്തരത്തില്‍ നവീകരിക്കുന്നതോടെ മയക്കുമരുന്നു കച്ചവടവും മറ്റു കുറ്റകൃത്യങ്ങളും കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: