ന്യൂദല്‍ഹി: സി.പി.എം പാര്‍ട്ടി സെക്രട്ടറിമാരുടെ കാലാവധി സംബന്ധിച്ച മാര്‍ഗ രേഖ കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയാക്കാനാണു നിര്‍ദേശം. ഇതു പ്രകാരം ഒരാള്‍ക്ക് ഒമ്പതു വര്‍ഷം മാത്രമെ തുടര്‍ച്ചായി സെക്രട്ടറിയാകാന്‍ കഴിയൂ.
ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് ഈ നിര്‍ദേശം ബാധകമാകും. മറ്റു കമ്മറ്റി അംഗങ്ങള്‍ക്ക് ഇതു ബാധകമല്ല. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ സെക്രട്ടറിയുടെ കാലാവധി നീട്ടി നല്‍കാമെന്നും മാര്‍ഗരേഖ പറയുന്നു.
വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരത്തിനായി സി.സി തീരുമാനം അവതരിപ്പിക്കും. അംഗീകാരത്തിന് ശേഷം ഇത് നടപ്പാക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പ്രത്യയശാസ്ത്ര പ്രമേയത്തിന്റെ കരടു സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ജനുവരിയില്‍ ചേരുന്ന അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കാരാട്ട് അറിയിച്ചു.
എം.വി. ജയരാജനെ ശിക്ഷിച്ച ഹൈക്കോടതി വിധി ജുഡീഷ്യറിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ കോടതിയലക്ഷ്യ നിയമത്തിലൂടെ അടിച്ചമര്‍ത്തുന്നതിനുള്ള ഉദാഹരണമാണെന്നു കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. നിയമനിര്‍മാണത്തിനുള്ള നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണിത്.
ജമ്മു കശ്മീരില്‍ സൈന്യത്തിനു നല്കിയ പ്രത്യേക സായുധ അധികാരം എടുത്തുകളയണമെന്നും കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കരുത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം നികത്താന്‍ പൊതുഖജനാവില്‍ നിന്ന് പണമനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. കുത്തകകള്‍ക്ക് ഇളവനുവദിക്കുകയും സാധാരണക്കാരനു മേല്‍ കൂടുതല്‍ നികുതി അടിച്ചേല്‍പ്പിക്കുകയുമാണ് യു.പി.എ സര്‍ക്കാരെന്നും കാരാട്ട് കുറ്റപ്പെടുത്തി.
അമേരിക്കയില്‍ മുന്‍ രാഷ്ട്രപതി കലാമിന്റെ ദേഹ പരിശോധന നടത്തിയതു പോലെ അവിടെ നിന്നു വരുന്നവരെ ഇവിടെയും ദേഹപരിശോധന നടത്തണം. അമേരിക്കയ്ക്ക് അവര്‍ ചെയ്യുന്നതിനെല്ലാം അതേ നാണയത്തില്‍ തിരിച്ചടി നല്കുകയാണു വേണ്ടത്. നേരത്തേ ഇന്ത്യന്‍ സ്ഥാനപതിയെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തിയപ്പോള്‍ സമാനമായ രീതിയില്‍ യു.എസ് സ്ഥാനപതിയുടെ ദേഹപരിശോധന ദല്‍ഹി വിമാനത്താവളത്തില്‍ നടത്തണമായിരുന്നെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: