ന്യൂദല്‍ഹി: സി.പി.എം പാര്‍ട്ടി സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയാക്കുന്നത് ചര്‍ച്ച ചെയ്തതായി വി.എസ് അച്യുതാനന്ദന് അറിയിച്ചു. ഇതു സംബന്ധിച്ച തീരുമാനം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും വി.എസ് പറഞ്ഞു.
യുവതലമുറയെ പാര്‍ട്ടിയുടെ അമരത്തേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണിതെന്നും വി.എസ് പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് ഇതു ബാധകമാക്കാനാണ് നിര്‍ദേശം. കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും.
തീരുമാനം അംഗീകരിച്ചാല്‍ മൂന്നാം തവണ സെക്രട്ടറിയായി സേവമനുഷ്ടിച്ചു വരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഒഴിയേണ്ടി വരും. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രണ്ടു ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും മൂന്ന് ടേം പൂര്‍ത്തിയാക്കിയ പാര്‍ട്ടി സെക്രട്ടറിമാരുമുണ്ട്. തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ ഇവരും സ്ഥാനം ഒഴിയേണ്ടിവരും.
എന്നാല്‍ ഇതിന്റെ കരടു രൂപം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും വി.എസ് വ്യക്തമാക്കി. ഇപ്പോള്‍ പ്രത്യയ ശാസ്ത്ര മാറ്റത്തെക്കുറിച്ചാണു സി.സി പ്രധാനമായും ചര്‍ച്ച നടത്തുന്നതെന്നും വി.എസ് പറഞ്ഞു.
ഇന്നലെ അപ്രതീക്ഷിതമായാണു സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയാക്കണമെന്ന രേഖ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചത്. കേന്ദ്ര കമ്മിറ്റി തുടങ്ങിയപ്പോള്‍ ഈ രേഖ അവതരിപ്പിച്ചിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് കാലാവധിയെക്കുറിച്ചുള്ള രേഖ അംഗങ്ങള്‍ക്ക് വിതരണം ചെയ്തത്. ഇതിനായി പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വേണ്ടിവരും. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭേദഗതി ഉണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: