തിരുവനന്തപുരം: നിര്‍ദിഷ്ട സാമുദായിക കലാപ നിയന്ത്രണ ബില്‍ ഹിന്ദുക്കളെ ദ്രോഹിക്കുന്നതും തികച്ചും നിരുത്തരവാദപരവുമാണെന്ന് കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി സ്വാമി പറഞ്ഞു. ബില്‍ പൗരന്മാരെ ഭൂരിപക്ഷം ന്യൂനപക്ഷം എന്നു വേര്‍തിരിച്ച് രാജ്യത്തെ വിഭജിക്കും. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ തെറ്റു ചെയ്താലും ഭൂരിപക്ഷത്തെ കുറ്റവാളികളാക്കാന്‍ ബില്‍ കാരണമാകും. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും എതിര്‍ക്കുകയാണെന്നും സ്വാമി ചൂണ്ടിക്കാട്ടി. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഹിന്ദു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതങ്ങള്‍ തമ്മില്‍ കലഹമല്ല ഐക്യത്തോടെ മാനവ നന്മയ്ക്കു പ്രയത്നിക്കുകയാണ് വേണ്ടത്. മതപരിവര്‍ത്തനം നല്ല കാര്യമല്ല. എന്നാല്‍ എല്ലാ മതവിഭാഗങ്ങളും ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളെ മാനിക്കണം. അത് മതപരിവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പാടില്ല. മതങ്ങള്‍ തമ്മില്‍ ഐക്യപ്പെട്ടു പ്രവര്‍ത്തിക്കുന്നതു പോലെ ഹിന്ദുക്കളില്‍ ജാതി ഭേദം കൂടാതെ ഐക്യം ഉണ്ടാകണം. ഹിന്ദു മതം ഉപേക്ഷിച്ചു പോയവരെ തിരികെ കൊണ്ടു വരേണ്ടതും ആവശ്യമാണ്. നമ്മുടെ ചരിത്രത്തില്‍ ചില കാലത്ത് അസ്പൃശ്യതയും അനാചാരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ശ്രീനാരായണ ഗുരുദേവനെ പോലെയുള്ള ഗുരുക്കന്മാര് അത്തരം ദോഷങ്ങളെ അകറ്റി ഹിന്ദുസമാജത്തെ രക്ഷിച്ചു. ആചാര്യന്മാര് അനാചാരങ്ങളെ തിരുത്തിയ ചരിത്രമാണ് ക്ഷേത്ര പ്രവേശന വിളംബരം നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ രാജകുടുംബാംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നിര്‍വഹിച്ചു. ഹൈന്ദവ ഐക്യത്തിലൂടെ നിലവിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ 8ന് കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി സ്വാമിക്കൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തിയ ഹിന്ദു സാമുദായിക നേതാക്കളെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഹരികുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ,ജയശേഖരന് നായര്‍, മാനേജര്‍ ഡി.വേണുഗോപാല്‍, കര്‍മചാരി സംഘം പ്രവര്‍ത്തകരായ അഡ്വ.സുരേഷ്, വി.രവികുമാര്‍, മീന്‍മണി വാസുദേവന്‍, ഇടപാടി നാരായണന് ഗിരീഷ് പോറ്റി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: