മൂവാറ്റുപുഴ: നീയെന്നെ കല്ല്യാണം കഴിക്കുമോ മമ്മ്ത…വെളുത്ത ജെറിബ്രാ പൂ നീട്ടി പ്രജിത്ത് കര്‍ത്ത ചോദിച്ചു…പൊട്ടിച്ചിരിയോടെ എഴുന്നേറ്റ മമ്മ്ത പ്രജിത്തിനെ കെട്ടിപിടിച്ചിട്ടും കട്ട് എന്ന് ആരും പറഞ്ഞില്ല, കാരണം കഴിഞ്ഞത് മമ്മ്ത മോഹന്‍ദാസെന്ന തെന്നിന്ത്യന്‍ സൂപ്പര്‍ ഗ്ലാമര്‍ നടിയുടെ ഏറ്റവും പുതിയ സിനിമയിലെ പ്രണയരംഗമായിരുന്നില്ല, മറിച്ച് റീല്‍ ലൈഫില്‍ നിന്ന് റിയല്‍ ലൈഫിലേക്കുള്ള കൂടുമാറ്റത്തിന്റെ ആദ്യ ഭാഗമായ വിവാഹ നിശ്ചയമായിരുന്നു.
സീന്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാമെങ്കില്‍ മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ അരുളി മംഗലത്ത് ശിവക്ഷേത്രത്തിന്റെ സമീപത്തെ എടോട് വീട്ടില്‍ വച്ച് നടന്ന മമ്മ്തയുടെ വിവാഹ നിശ്ചയം. ബഹറിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമ പ്രിജിത്ത് പത്മനാഭനാണ് മമ്മ്തയോട് പ്രണയ അഭ്യര്‍ത്ഥന നടത്തിയതും കയ്യില്‍ വിവാഹ മോതിരം അണിയിച്ചതും. വളരെ സ്വകാര്യമായി നടത്തിയ ചടങ്ങ് ഏറെ പ്രത്യേകതയുള്ള 11.11.11ല്‍ 11മണി കഴിഞ്ഞ് 11മിനിട്ടിലാണ് നടന്നത്. പങ്കെടുത്തത് ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രം.
പ്രജിത്തിന്റെ അമ്മ ഗീതയുടെ തറവാടാണ് കുന്നയ്ക്കാലിലെ എടോട് വീട്. പ്രജിത്തിന്റെ സഹോദരി പ്രസീദ മമ്മ്തയെയും പ്രജിത്തിനെയും സദസ്സിന് പരിജയപ്പെടുത്തി. തുടര്‍ന്ന് മമ്മ്തയുടെ അഛന് മോഹന്‍ദാസും പ്രജിത്തിന്റെ അഛന് പത്മനാഭന് നായരും ഇരുവരെയും മണ്ഡപത്തിലേക്ക് ആനയിച്ചു. വൈന്‍ റെഡിന്റെ നിറത്തില്‍ സ്വര്‍ണ്ണവര്‍ണ്ണ കസവുള്ള സാരിയില്‍ മമ്മ്ത കൂടുതല്‍ സുന്ദരിയായ പോലെ.ഇളം റോസ് നിറത്തിലുള്ള കുര്‍ത്തയും ക്രീം കളര്‍ പൈജാമയും ധരിച്ച പ്രജിത്തും സുന്ദരന്‍ തന്നെ. നിറപറയും നിലവിളക്കും സാക്ഷിയായി പ്രജിത്തിന്റെ ബന്ധുകൂടിയായ മണിയാണ് വിവാഹ നിശ്ചയചാര്ത്ത് വായിച്ചത്.
ഡിസംബര്‍ 28ന് 11.30യ്ക്കും 12നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വച്ച് വിവാഹം. ബഹറിനിലെ സ്കൂളില്‍ ഒരുമിച്ച് പഠിച്ച മമ്മ്തയും പ്രജിത്തും, പ്രജിത്തിന്റെ ഇരട്ട സഹോദരി പ്രസീതയുടെ വിവാഹത്തിനിടെയാണ് പ്രണയം തുറന്ന് പറഞ്ഞത്. നാട് അറിയാതെ നടത്തിയ മലയാളത്തിന്റെ സ്വന്തം നായികയുടെ കല്യാണ നിശ്ചയം കഴിഞ്ഞു… ഇനി കാത്തിരിപ്പാണ് മൂവാറ്റുപുഴയുടെ മരുമകളായി മമ്മ്ത എത്തുന്ന ഡിസംബര്‍ 28വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: