ന്യൂദല്‍ഹി: 2 ജി അഴിമതിക്കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന മന്ത്രി എ. രാജയുടെ ആവശ്യം പ്രത്യേക കോടതി നിരസിച്ചു. കേസിന്റെ വിചാരണ ഇന്നലെ ആരംഭിച്ചു.
പ്രോസിക്യൂഷന് സാക്ഷിയായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് ആനന്ദ് സുബ്രഹ്മണ്യത്തിന്റെ മൊഴി രേഖപ്പെടുത്തിക്കൊണ്ട് പ്രത്യേക ജഡ്ജി ഒ.പി. സെയ്നി വിചാരണക്ക് തുടക്കമിടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം രാജ ഉന്നയിച്ചത്. രാജയുടെ അഭിഭാഷകന് സുശീല്‍കുമാറാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. ടെലികോം അഴിമതിയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നാണ് സിബിഐ സുപ്രീംകോടതിയെ ധരിപ്പിച്ചത്. പ്രതികളായ 17 പേര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായോ എന്ന് അന്വേഷണ ഏജന്‍സിയോട് ചോദിക്കണമെന്ന് സുശീല്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം വിചാരണയില്‍ ഇടപെടുകയല്ല താനെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് സാക്ഷികളെ വിസ്തരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞാന്‍ വിചാരണയില്‍ ഇടപെടുകയല്ല. എന്നാല്‍ കേസിലെ 17 പ്രതികളുടെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് സിബിഐ പറയട്ടെ”, സുശീല്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വിചാരണ തുടരാതിരിക്കാന്‍ ഇത് കാരണമാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ രാജയുടെ അപേക്ഷ സ്വീകരിക്കാനാവില്ലെന്നും മറ്റ് കാരണങ്ങളുണ്ടെങ്കില്‍ ഉന്നയിക്കാമെന്നും ജഡ്ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: