അധിക വിഭവസമാഹരണത്തിനായി കടല്‍മണല്‍ ഖാനനം ചെയ്യണമെന്ന ധനമന്ത്രി കെ.എം.മാണിയുടെ പ്രഖ്യാപനം പരിസ്ഥിതിപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. സമുദ്രത്തില്‍ ഇഷ്ടം പോലെ മണലുണ്ട് എന്ന് പറഞ്ഞ് കടല്‍മണല്‍ ഖാനനം തുടങ്ങിയാല്‍ കടല്‍ക്ഷോഭത്തില്‍ കരകള്‍ നശിക്കും എന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തീരം നഷ്ടപ്പെടുകയും കടല്‍പുറ്റുകള്‍ നശിക്കുകയും ചെയ്യും. മത്സ്യസമ്പത്തിനും ഇത് പ്രത്യാഘാതമാണ്. മണല്‍ഖനനം പുഴകളില്‍ തുടങ്ങിയപ്പോഴും പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും കോഴയുടെ ബലത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെതന്നെ പുഴമണല്‍ കടത്തി പുഴയുടെ അടിത്തട്ട് ചെളിയായി മാറി, താഴ്ന്ന്, കടല്‍വെള്ളം കയറി ഇന്ന് 44 നദികളുള്ള കേരളം കുടിവെള്ളക്ഷാമം നേരിടുകയാണ്. നിള വെറും മരുഭൂമിയായി മാറിക്കഴിഞ്ഞു; പെരിയാറില്‍ മണല്‍വാരല്‍ മൂലമുണ്ടാകുന്ന കുഴികളില്‍ വീണ് പൊലിയുന്ന ജീവനുകള്‍ വര്‍ധിക്കുകയാണ്. കേരളത്തിലെ ഒരു നദിയും മണല്‍വാരല്‍ ഭീഷണിയില്‍നിന്ന് മുക്തമല്ലെങ്കിലും മാറിമാറി വരുന്ന സര്‍ക്കാര്‍ ഇതിന് നേരെ കണ്ണടക്കുകയാണ് ചെയ്തത്.
കടല്‍മണല്‍ ഖാനനം കരിമണല്‍ ലക്ഷ്യമിട്ടാണ് എന്ന ആശങ്കയും ഉയരുന്നുണ്ട്. കടല്‍മണല്‍ ഖാനനം കടലിന്റെ ആവാസവ്യവസ്ഥയെ തകിടംമറിക്കുമെന്നിരിക്കെ യാതൊരുവിധ പഠനവും നടത്താതെയാണ് ഖാനനനീക്കം. കഴിഞ്ഞ സര്‍ക്കാരിലെ ധനമന്ത്രി ആഘോഷത്തോടെ നടപ്പാക്കിയ ജലസംഭരണികളിലെ മണല്‍വാരല്‍ ഖജനാവിന് വന്‍നഷ്ടം വരുത്തിവെക്കുകയും വാരി നിരത്തിവെച്ച മണല്‍ എടുക്കാന്‍ ആളില്ലാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തത് കേരളം കണ്ടതാണ്. മലമ്പുഴ, ചുള്ളിയാര്‍, വാളയാര്‍ ഡാമില്‍നിന്നും മണല്‍ വാരിയത് വാങ്ങാന്‍ ആളില്ലാതായത് ഡാമിലെ മണല്‍ ചെളി കലര്‍ന്നതാകയാല്‍ ശുദ്ധീകരണപ്രക്രിയ വേണ്ടിവരുന്നതിനാലാണ്. ഡാമിലെ മണലിന് പുഴമണലിന്റെ മൂന്നിരട്ടി വിലയും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഈ വിധം പാരിസ്ഥിതിക പഠനമോ പ്രായോഗികതയോ പരിശോധിക്കാതെ പ്രകൃതിയെ ബാധിക്കുന്ന നടപടികള്‍ കയ്യടിക്കുവേണ്ടി പ്രഖ്യാപിക്കുന്നത് ധനമന്ത്രിമാര്‍ നിര്‍ത്തേണ്ട ഘട്ടം സന്നിഹിതമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: