തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുതിരാനില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി ബാലനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാലക്കാട് ഗോവിന്ദപുരത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
റോഡിന് സമീപമുള്ള ഒരു കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. നാല്‍പ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ച ബാലന് ബസിലെ കണ്ടക്ടറായിരുന്നുവെന്ന് സംശയിക്കുന്നു. പരിക്കേറ്റ മറ്റുള്ളവരെ തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടം നടന്നയുടന്‍ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും പോലീസുകാരും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ബസിന്റെ സ്റ്റിയറിങ്ങിലുണ്ടായ തകരാറാണ് അപകട കാരണമെന്നും അതല്ല അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: