മാലി: സാര്‍ക്ക് ഉച്ചകോടി മാലി ദ്വീപില്‍ തുടങ്ങി. എട്ട് സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുക എന്നതാണ് പതിനേഴാമത് സാര്‍ക്ക് ഉച്ചകോടിയുടെ പ്രധാന പ്രമേയം. സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയിലെ കാര്‍ഷികോത്പാദനം മെച്ചപ്പെടുത്തുന്നതിന് വിത്ത് ബാങ്ക് ഉണ്ടാക്കുക, പ്രകൃതി ദുരന്ത നിവാരണത്തിന് പ്രത്യേക സേനയ്ക്ക് രൂപം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ ഉച്ചകോടിയ്ക്ക് ശേഷം സംയുക്ത പ്രസ്താവന ഉണ്ടാകുമെന്ന് കരുതുന്നു.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മന്മോഹന് സിങ് മാലി ദ്വീപിലേക്ക് യാത്ര തിരിച്ചത്. ദക്ഷിണേന്ത്യന്‍ സ്വതന്ത്രവ്യാപാര കരാറിന്റെ കീഴില്‍ വ്യാപാര ഉദാരീകരണ പ്രക്രിയ വേണമെന്ന ആവശ്യം ഇന്ത്യ ഉച്ചകോടിയില്‍ മുന്നോട്ട് വയ്ക്കുമെന്ന് യാത്ര തിരിക്കും മുമ്പ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ദക്ഷിണേന്ത്യന്‍ രാഷ്ട്ര തലവന്മാരുമായും പ്രധാനമന്ത്രി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്.എം കൃഷ്ണയും പാക് വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനിയും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച സംയുക്ത പ്രസ്താവനയോടെ സാര്‍ക്ക് ഉച്ചകോടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: