ബീജിംഗ്: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ചൈനയിലെത്തി. ഗുജറാത്തിനുവേണ്ടി നിക്ഷേപസമാഹരണവും സല്‍ഭരണത്തിന്റെ മാതൃകകളായി ബിജെപി ഭരണ സംസ്ഥാനങ്ങളെ ഉയര്‍ത്തിക്കാട്ടുകയുമാണ് മോഡിയുടെ പ്രധാന ദൗത്യം. ചൈനീസ് സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി ഇവിടെയെത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ചില വ്യവസായ പ്രമുഖരും മോഡിയെ അനുഗമിക്കുന്നുണ്ട്. ഇവര്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ എന്നിവര്‍ക്കുശേഷം ചൈന സന്ദര്‍ശിക്കുന്ന മൂന്നാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി.
തുറമുഖ വികസനത്തിനായുള്ള വന്‍ പദ്ധതികള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള പരിപാടികള്‍ തുടങ്ങിയവയെല്ലാം മോഡി നയിക്കുന്ന പ്രതിനിധി സംഘം ചൈനീസ് അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
വളരെ വ്യത്യസ്തമായ വളര്‍ച്ചാ മാതൃകയാണ് ഗുജറാത്ത് കാഴ്ചവെക്കുന്നതെന്ന് ചൈനീസ് വ്യവസായ പ്രമുഖരുടെ യോഗത്തില്‍ മോഡി ചൂണ്ടിക്കാട്ടി. സ്ഥിരതയുടെയും സല്‍ഭരണത്തിന്റെയും അടിസ്ഥാനത്തില്‍ ലോകത്ത് നിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും മികച്ച കേന്ദ്രങ്ങളില്‍ ഒന്നായി അദ്ദേഹം ഗുജറാത്തിനെ അവതരിപ്പിച്ചു.
ഗുജറാത്തില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുള്ള ചൈനീസ് കമ്പനിയായ ടിബിഇഎയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ നയങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് സംസ്ഥാനം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ടിബിഇഎ വൈസ് പ്രസിഡന്റ് ലെങ്ങ്യോങ്ങ് പറഞ്ഞു. ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ചൈന ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് ഷി യോങ്ങ് ഹോങ്ങ് പ്രകീര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: