തിരുവനന്തപുരം: പത്തനാപുരത്തെ പ്രസംഗത്തില്‍ തന്നെ കാമഭ്രാന്തനെന്ന് വിളിച്ച് അധിക്ഷേപിച്ച മന്ത്രി കെ.ബി ഗണേശ് കുമാറിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് മാനനനഷ്ടക്കേസ് നല്‍കും. മന്ത്രിസ്ഥാനം രാജിവച്ച് തന്നോടു മാപ്പു പറയുകയോ പ്രസംഗത്തില്‍ തനിക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നാണ് ആവശ്യം. ഇക്കാര്യം കാണിച്ചു വക്കീല്‍ നോട്ടിസ് അയയ്ക്കും.
പ്രസംഗത്തിനിടയില്‍ വി.എസിനെ കാമഭ്രാന്തനെന്നും ഞരമ്പ് രോഗിയെന്നും എന്നും വിശേഷിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അഡ്വ.എസ്.വി പന്മകുമാര് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയയ്ക്കുക. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഗണേശ്കുമാര്‍ നിയമസഭാ സമ്മേളനത്തിനിടെ മീഡിയാ റൂമില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍, ഈ ഖേദം പ്രകടിപ്പിക്കല്‍ ആത്മാര്‍ത്ഥതയില്ലാത്തതാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു തയാറായില്ല. ഇതേത്തുടര്‍ന്നാണ് വിഎസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: