ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രി പി.ചിദംബരവും ടെലികോം മന്ത്രി എ.രാജയും തമ്മില്‍ നടത്തിയ കത്തിടപാടുകളുടെ ഫയല്‍ ഹര്‍ജിക്കാരനായ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമിക്ക് നല്കാന് ദല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു.
സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന സ്വാമിയുടെ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. ചിദംബരത്തെ പ്രതിയാക്കാന്‍ രേഖകള്‍ ശേഖരിക്കുന്നതിനാണ് വിചാരണക്കോടതിയെ സമീപിച്ചത്. കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
സ്പെക്ട്രം വിതരണത്തില്‍ ടെലികോം കമ്പനികള്‍ക്കു വേണ്ടി നിയമം ലഘൂകരിക്കാന്‍ ശ്രമിച്ചെന്നാണ് സ്വാമിയുടെ ആരോപണം. യൂനിടെക്, സ്വാന് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വിദേശ കമ്പനികള്‍ക്കു വിറ്റതില്‍ ചിദംബരത്തിനു പങ്കുണ്ട്. കത്തുകളില്‍ ഇതിന്റെ രഹസ്യ വിവരങ്ങള്‍ ഉണ്ട്. ചിദംബരത്തിന്റെ പങ്കു തെളിയിക്കാന്‍ കത്തുകള്‍ പുറത്തുവരുന്നതിലൂടെ സാധിക്കുമെന്നും സ്വാമി വാദിച്ചു.
സ്വാമിയുടെ വാദം അംഗീകരിച്ച കോടതി വിദേശ കമ്പനികളുമായി നടത്തിയ ഇടപാടുകളെ സംബന്ധിക്കുന്ന മുഴുവന്‍ ഫയലുകളും കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കേസ് ഡിസംബര്‍ മൂന്നിനു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: