മോസ്കോ: ഇറാനെതിരെ ഇസ്രായേല്‍ സൈനിക നടപടി സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. അതേസമയം ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇറാന് സ്വന്തമാക്കിയതായി യു.എന്‍ റിപ്പോര്‍ട്ടുകളുണ്ടെന്ന് വാര്‍ത്തകളുണ്ട്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണത്തിന് ഒരുങ്ങുകയാണെന്നും ഭീഷണി നേരിടാന്‍ രാജ്യം പ്രാപ്തമാണെന്നും ഇറാന് പ്രതികരിച്ചു.
ഇറാനെതിരെ ഇസ്രായേല്‍ സൈനിക നടപടി സ്വീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്ന അബദ്ധമായിരിക്കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇറാനെതിരായ യു.എന്‍ ഉപരോധങ്ങളെ റഷ്യ പിന്തുണച്ചിരുന്നു. എന്നാല്‍ സൈനിക നടപടിയെ റഷ്യ പിന്തുണയ്ക്കില്ല. ഈ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചയാണ് വേണ്ടതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജി ലോറോ പറഞ്ഞു.
അതേസമയം ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കയും ഇസ്രായേലും രാജ്യാന്തര പിന്തുണ സ്വരൂപിക്കുകയാണെന്ന് ഇറാന് പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദ് അറിയിച്ചു. ഇറാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോര്‍ട്ടിനിടെയാണ് നെജാദിന്റെ ഈ പ്രതികരണം.
ഇസ്രായേലിന് മുന്നൂറോളം ആണവായുധങ്ങള്‍ ഉണ്ടെന്നും സമാധാന ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ആണവ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും നെജാദ് പറഞ്ഞു. ആണവ സാങ്കേതിക വിദ്യ ഇറാന് സ്വായത്തമാക്കിയതായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകളുണ്ടെന്ന് വാര്‍ത്തകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ഇറാനെതിരെ കടുത്ത നടപടികള്‍ എടുക്കുകയാണെന്ന സൂചനകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: