തിരുവനന്തപുരം : ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറെന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൊഴിമാറ്റി പറയാന്‍ കേസില്‍ പ്രതികളായ പോലീസുകാര്‍ തനിക്ക് പണം നല്‍കിയതായി കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഉദയകുമാറിനൊപ്പം പോലീസ് സംഭവ ദിവസം കസ്റ്റഡിയിലെടുത്ത സുരേഷ്കുമാറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ ഉടന്‍ ആരംഭിക്കാനിരിക്കെ പുതിയ വെളിപ്പെടുത്തലുകള്‍ കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം അതിവേഗ കോടതിയില്‍ മുന്‍പ് കേസ് നടക്കുമ്പോള്‍ സാക്ഷിയായ സുരേഷ് കുമാര്‍ മൊഴിമാറ്റി പറഞ്ഞിരുന്നു. ഉദയകുമാറിനെ മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നായിരുന്നു അന്ന് സുരേഷ് കുമാറിന്റെ മൊഴി. പോലീസുകാര്‍ പണം നല്കി സുരേഷ് കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഉദയകുമാറിന്റെ അമ്മ കോടതിയെ സമീപിക്കുന്നതും കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതും. പണം നല്കി മൊഴി മാറ്റി പറയിപ്പിച്ചെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് സുരേഷ് കുമാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
വിചാരണ നടക്കുന്ന വേളയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പണം നല്കി സ്വാധീനിച്ചെന്ന് സുരേഷ് കുമാര്‍ ഒരു സ്വകാര്യ ചാനലില്‍ വെളിപ്പെടുത്തി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വച്ച് ഒരു പോലീസുകാരന് 20,000 രൂപ അഡ്വാന്‍സായി നല്കി. മൂന്ന് ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. അതിനൊപ്പം തനിക്ക് ജോലി വാഗ്ദാനവും ഉണ്ടായിരുന്നെന്ന് സുരേഷ് കുമാര്‍ പറയുന്നു. കേസിലെ പ്രതികളായ പോലീസുകാരായ കെ.ജിത്തുകുമാര്‍,എസ്.യു. ശ്രീകുമാര്‍,കെ.വി. സോമന് എന്നിവരാണ് തനിക്ക് പണം നല്‍കിയതെന്ന് സുരേഷ് കുമാര്‍ വെളിപ്പെടുത്തുന്നു. വിചാരണ തീര്‍ന്നാല്‍ ശേഷിക്കുന്ന പണം തരാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ ശേഷിക്കുന്ന പണം കിട്ടിയില്ല. ഇപ്പോഴും കേസിന്റെ കാര്യങ്ങളറിയാന്‍ പോലീസുകാര്‍ വിളിക്കാറുണ്ടെന്നും സുരേഷ് കുമാര്‍ പറയുന്നു. കോടതിയില്‍ മൊഴിമാറ്റി പറഞ്ഞെങ്കിലും ഒളിക്യാമറയ്ക്കു മുന്നില്‍ പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ സുരേഷ് വെളിപ്പെടുത്തുന്നുണ്ട്.
‘എന്നെയും ഉദയകുമാറിനെയും പോലീസ് ഫോര്‍ട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സി.ഐ. ഓഫീസില്‍ വച്ച് എന്നെയും ഉദയകുമാറിനെയും ക്രൂരമായി മര്‍ദ്ദിച്ചു. അതിനുശേഷം ലോക്കപ്പില്‍ തള്ളി. കുറേ കഴിഞ്ഞപ്പോള്‍ ഉദയകുമാറിന് അനക്കമില്ലാത്ത കാര്യം ഞാന്‍ പോലീസുകാരെ അറിയിച്ചു. മര്‍ദ്ദിച്ചതിനാല്‍ തളര്‍ന്നു കിടക്കുന്നു എന്നാണ് പോലീസുകാര്‍ പറഞ്ഞത്. എട്ടു മണിയോടെ പോലീസുകാര്‍ ഉദയകുമാറിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. അപ്പോഴേക്കും ഉദയകുമാര്‍ മരിച്ചിരുന്നു’-സുരേഷ് കുമാര്‍ പറയുന്നു. ഉദയകുമാറിന്റെ അമ്മ കേസ് നടത്തിപ്പിനായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പോലീസും സുരേഷ് കുമാറുമായുള്ള ഒത്തുകളി പൊളിഞ്ഞത്. കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 14 പോലീസുകാരെ പ്രതികളാക്കി 2010 സെപ്റ്റംബര്‍ 27ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വിചാരണ തീയതി നിശ്ചയിച്ചിട്ടില്ല.
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ സുരേഷ് കുമാറിനൊപ്പം ഇരിക്കുമ്പോഴാണ് ഉദയകുമാറിനെ 2005 സെപ്റ്റംബര്‍ 27ന് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഉദയകുമാറിന് ഒപ്പമുണ്ടായിരുന്ന സുരേഷ് കുമാര്‍ ഒരു മോഷണകേസില്‍ പ്രതിയായിരുന്നു. ഉദയകുമാറിന്റെ പക്കല്‍ 4000 രൂപ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: