ന്യൂദല്‍ഹി: ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധനത്തിന് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ദേശീയ കടുവ സംരക്ഷണ അതോറിട്ടിക്കും കര്‍ണാടക സര്‍ക്കാരിനും നോട്ടീസ് അയച്ചു. രാത്രി യാത്രാ നിരോധനത്തെക്കുറിച്ച് ഇരുവരും നിലപാടറിയിക്കണം. മറുപടി ലഭിച്ച ശേഷം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രാലയം ഉന്നതതല യോഗം വിളിക്കും.
ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധനം പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നോട്ടീസ് അയച്ചത്. ബന്ദിപ്പുര്‍ വഴി കടന്നു പോകുന്ന ദേശീയ പാത 67ലും 212ലും രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തത വരുത്തണം. വന്യ മൃഗങ്ങള്‍ക്കുണ്ടായ അപകടങ്ങളുടെ കണക്കുകളും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രി യാത്രാ നിരോധനം പിന്‍വലിക്കണമെന്ന് നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വനം, പരിസ്ഥിതി മന്ത്രി ജയന്തി നടരാജനോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെയും കര്ണാകടത്തിലെയും തമിഴ്നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നായിരുന്നു ജയന്തി നടരാജന്റെ ഉറപ്പ്.
കൂടുതല്‍ വന്യമൃഗങ്ങള്‍ക്ക് രാത്രി യാത്ര അപകടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ നിരോധനം ഫലപ്രദമാക്കണമെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്. രാത്രി യാത്രയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ കടുവ സംരക്ഷണ അതോറിട്ടിയും ഇതിനെ പിന്തുണച്ചു. വാഹനം ഇടിച്ച് ആനക്കുട്ടി ചരിഞ്ഞതിനെ തുടര്‍ന്ന് രാത്രി യാത്രാ നിരോധനത്തിന്റെ സമയപരിധി കര്‍ണാടകം കൂട്ടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: