ന്യൂദല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഒരുങ്ങുന്നു. വേണ്ടിവന്നാല്‍ ഇനിയും വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഐഒസി എംഡി ആര്.എസ്.ബുട്ടോലയാണ് വ്യക്തമാക്കിയത്. പെട്രോള്‍ വില ഇനിയും കൂട്ടേണ്ടി വരുമെന്നും വില വര്‍ധിപ്പിച്ചില്ലെങ്കില്‍ പെട്രോള്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബുട്ടോല മുന്നറിയിപ്പ് നല്കി. പെട്രോള്‍വില അടിക്കടി വര്‍ധിപ്പിച്ചതിനെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധമുയര്ന്നിരിക്കെയാണ് ഇത് വകവെക്കാതെ ഒരിക്കല്‍ക്കൂടി വിലവര്ധിപ്പിക്കുമെന്ന സൂചന ഐഒസി മേധാവി നല്‍കിയിരിക്കുന്നത്.
എണ്ണ കമ്പനികള്‍ ഏറെ പ്രതിസന്ധി നേരിട്ട വര്‍ഷമാണിതെന്ന് ബുട്ടോല അവകാശപ്പെട്ടു. ക്രൂഡ് ഓയിലിന് ശരാശരി 110 ഡോളറാണ് നല്‍കേണ്ടിവരുന്നതെന്നും കഴിഞ്ഞവര്‍ഷം ഇത് 85 ഡോളറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണം ഇതേ തരത്തിലാണെങ്കില്‍ കമ്പനിയുടെ വികസന പരിപാടികള്‍ ആകെ നിര്‍ത്തിവെക്കേണ്ടിവരും. കമ്പനി നഷ്ടത്തിലായിക്കോട്ടെയെന്നാണ് പലരും പറയുന്നതെന്നും അങ്ങനെയെങ്കില്‍ പെട്രോളിന്റെ വിതരണത്തില്‍ നിയന്ത്രണത്തിന് തയ്യാറാണോ എന്നും ബുട്ടോല ആരാഞ്ഞു. എച്ച്പിസിഎല്ലും ബിപിസിഎല്ലും ഇപ്പോള്‍തന്നെ നഷ്ടത്തിലാണ്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഐഒസിയുടെ ഗതിയും മറിച്ചാവില്ല. പാചകവാതകവും ഡീസലും വില കുറച്ച് വില്‍ക്കുന്നതിലൂടെ ഉണ്ടായ 1,32,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതക്ക് ആര് പരിഹാരം കാണുമെന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പെട്രോള്‍ ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിച്ചത്. ഇതേത്തുടര്‍ന്ന് മറ്റ് പെട്രോളിയം കമ്പനികളും വില വര്‍ധിപ്പിക്കുകയായിരുന്നു. വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് യുപിഎ ഘടകകക്ഷികള്‍പോലും ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ക്കെതിരായ കടന്നാക്രമണമെന്ന നിലയ്ക്ക് വേണ്ടിവന്നാല്‍ ഇനിയും പെട്രോളിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, പെട്രോള്‍ വിലവര്‍ധനയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്കിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാടില്‍നിന്ന് പിന്നോട്ട് പോയി. കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ മമത ബാനര്‍ജി ഇന്നലെ വ്യക്തമാക്കി. വില കുറയ്ക്കേണ്ടതില്ലെന്നും ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഘടകകക്ഷികളുമായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. ഇന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുമായും പാര്‍ട്ടി എംപിമാര്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്താനിരിക്കേയാണ് മമതയുടെ നിലപാട് മാറ്റം. വര്‍ഷത്തില്‍ നാലു തവണയെങ്കിലും യുപിഎ യോഗം ചേരണമെന്നാണ് മമതയുടെ ആവശ്യം. തൃണമൂല്‍ എംപിമാര്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായും മമത പ്രധാനമന്ത്രിയുമായും ഇന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ബംഗാള്‍ സര്‍ക്കാരിനെ കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മമത ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകള്‍ സജീവമായ പ്രദേശങ്ങളുടെ വികസനത്തിന് സഹായം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സമ്മതം മൂളിയതിന്റെ അടിസ്ഥാനത്തിലാണ് മലക്കം മറിഞ്ഞതെന്ന് കരുതപ്പെടുന്നു. അതേസമയം, വര്‍ധിപ്പിച്ച പെട്രോള്‍ വില പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സ്തംഭിപ്പിക്കുമെന്ന് ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. പെട്രോള്‍ വില വര്‍ധനവില്‍ യുപിഎയിലെ എല്ലാ ഘടകകക്ഷികളും ഉത്തരവാദികളാണെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ഡേക്കര്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പെട്രോള്‍വില ഉടന്‍ പിന്‍വലിക്കണമെന്ന് ജാവ്ഡേക്കര്‍ ആവശ്യപ്പെട്ടു. ഒരു നീതീകരണവുമില്ലാത്ത പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാണ് രാജ്യത്തെ ജനങ്ങളും ബിജെപിയും ആവശ്യപ്പെടുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞ ദിവസം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില ലിറ്ററിന് 1.80 രൂപ വര്‍ധിപ്പിച്ചതെന്ന് ജാവ്ഡേക്കര്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ നിലയ്ക്ക് ദല്‍ഹിയില്‍ ലിറ്ററിന് 34 രൂപയ്ക്കും മുംബൈയില്‍ 36 രൂപയ്ക്കും പെട്രോള്‍ വിതരണം ചെയ്യാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: