ചെന്നൈ: ആണവനിലയത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന കൂടംകുളത്തിന്റേയും പരിസര പ്രദേശങ്ങളുടേയും വികസനത്തിനായി മുന്‍ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുള്‍കലാം പത്തിന പരിപാടി നിര്‍ദ്ദേശിച്ചു. നാലുവരി പാത, ഭവനനിര്‍മാണം, സ്കൂളുകള്‍, ആശുപത്രികള്‍, ശീതീകരണി തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കലാം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ‘പുര’ എന്ന പേരിലുള്ള ഈ പത്ത് നിര്‍ദ്ദേശങ്ങള്‍ 2015 ഓടെ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 200 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി വഴി കൂടംകുളത്തിനും 60ലേറെ അയല്‍ രാജ്യങ്ങള്‍ക്കും ഗുണം ലഭിക്കുമെന്ന് കലാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച കൂടംകുളം സന്ദര്‍ശിച്ച കലാം ആണവനിലയം സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
അബ്ദുള്‍ കലാമും അദ്ദേഹത്തിന്റെ ഉപദേശകന്‍ വി.പൊന്‍രാജും ചേര്‍ന്നാണ് 39 പേജ് വരുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുമെന്ന് പൊന്‍രാജ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 650 കിലോ മീറ്റര്‍ ചുറ്റളവിലുള്ള തിരുനെല്‍വേലി ജില്ലയിലെ ഗ്രാമങ്ങളെ തലസ്ഥാനമായ തിരുനെല്‍വേലിയുമായും മധുര, കന്യാകുമാരി ജില്ലകളുമായും ബന്ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കൂടംകുളത്തിന്റെ 30-60 കിലോമീറ്റര്‍ ചുറ്റളവില്‍ 10,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കാവുന്ന വ്യവസായങ്ങള്‍ വേണം. സ്വന്തമായി വ്യാപാര സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് സബ്സിഡിയോടെ വായ്പ നല്‍കണം. കൂടംകുളം തീരത്തും സമീപപ്രദേശങ്ങളിലും കഴിയുന്നവര്‍ക്ക് ‘ഹരിതവീടുകളും’ ഭവന സമുച്ചയങ്ങളും നിര്‍മിച്ചു നല്‍കണം. മീന്‍പിടുത്തക്കാരായ സമുദായത്തിനായി ചെറിയ തുറമുഖങ്ങള്‍, മത്സ്യസംസ്ക്കരണ ശാലകള്‍, ശീതീകരണി എന്നിവ നിര്‍മിച്ചുകൊടുക്കണം, റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടിവെള്ള വിതരണത്തിനായി ഒരു ദശലക്ഷം ലിറ്റര്‍ കൊള്ളുന്ന ജലസംഭരണി നിര്‍മിക്കണം. കുടിക്കാനും കൃഷിക്കും വേണ്ടിവരുന്ന വെള്ളം പേച്ചിപ്പാറ അണക്കെട്ടില്‍നിന്ന് കൊണ്ടുവരണം. കൂടംകുളം പ്രദേശത്ത് 500 കിടക്കകളുള്ള ആശുപത്രിയും രോഗനിര്‍ണയപരിശോധനകള്‍ക്കും മറ്റും സൗകര്യമുള്ള സഞ്ചരിക്കുന്ന ആശുപത്രികളും വേണം. ഹോസ്റ്റല്‍ സൗകര്യങ്ങളോടെയുള്ള സിബിഎസ്‌ഇ സ്കൂളുകള്‍, ദുരന്തനിവാരണ കേന്ദ്രം, യുവാക്കള്‍ക്ക് സ്ഥിരമായി ജോലി ലഭിക്കാവുന്ന ഉന്നതവിദ്യാഭ്യാസം നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
പ്രദേശവാസികളുമായി ചര്‍ച്ച നടത്തി മറ്റ് പദ്ധതികളും ആരംഭിക്കണം. ശരിയായ വിവരങ്ങള്‍ ജനങ്ങളെ അറിയിച്ച് കൂടംകുളം ആണവനിലയം സംബന്ധിച്ച ഭയം ഇല്ലാതാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: