പത്തനംതിട്ട: ശിവപഞ്ചാക്ഷരി മന്ത്രജപത്താല്‍ അന്തരീക്ഷവും സേവന തല്പ്പരതയോടെയുള്ള കര്‍മ്മത്താല്‍ സന്നിധാന പരിസരവും ഒരുപോലെ ശുദ്ധീകരിക്കുന്ന ശുചീകരണയജ്ഞം ശ്രദ്ധേയമായി. മാതാ അമൃതാനന്ദമയീമഠത്തിന്റെ ആഭിമുഖ്യത്തില്‍ സന്നിധാനത്ത് രണ്ടു ദിവസമായി നടക്കുന്ന മാലിന്യ ശുചീകരണമാണ് മാതൃകയാകുന്നത്. ചുണ്ടില്‍ ശിവപഞ്ചാക്ഷരി മന്ത്രമുതിര്ത്ത് ചെയ്യുന്ന കര്‍മ്മം ഈശ്വരാര്പ്പണമെന്ന മനോഭാവത്തോടെ ആയിരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ വര്‍ഷങ്ങളായി സന്നിധാനത്തും പരിസരത്തും അടിഞ്ഞുകിടന്ന ടണ്‍കണക്കിന് മാലിന്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി.
മാതാ അമൃതാനന്ദമയീമഠത്തിന്റെ അമല ഭാരതം ശുചീകരണ യജ്ഞം സന്നിധാനത്തേക്കും പമ്പയിലേക്കും വ്യാപിപ്പിച്ചതിന്റെ ഭാഗമായാണ് രണ്ടു ദിവസങ്ങളിലായി നാലായിരത്തിലേറെ അമ്മയുടെ ഭക്തര്‍ ഈശ്വരാര്‍പ്പണ മനോഭാവത്തോടെ സേവന സന്നദ്ധരായെത്തിയത്. നൂറുപേര് വീതമടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് ശബരിമലയിലെ 64 ഏക്കര്‍ സ്ഥലം വിവിധ മേഖലകളായി തിരിച്ചാണ് ശുചീകരണ യജ്ഞം ആരംഭിച്ചത്. വര്‍ഷങ്ങളായി തീര്‍ത്ഥാടകര്‍ വലിച്ചെറിഞ്ഞു കളഞ്ഞ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ വാരി മാറ്റുകയെന്ന ശ്രമകരമായ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആത്മഹര്‍ഷത്തിലാണ് സന്നിധാനത്തെത്തിയ ആശ്രമവാസികളും ബ്രഹ്മചാരികളും അമ്മയുടെ ഭക്തരുമടങ്ങുന്ന സംഘം. തമഴ്നാട്, കര്‍ണ്ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്കൂടാതെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള നൂറോളം ഭക്തരും ഈ ഈശ്വര പൂജയില്‍ പങ്കെടുക്കുന്നുണ്ട്.
പ്ലാസ്റ്റിക്ക് കുപ്പികള്‍ , ക്യാരിബാഗുകള്‍, ചില്ലുകുപ്പികള്‍, തുണികള്‍ തുടങ്ങി വിവിധങ്ങളായി തരംതിരിച്ചാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. സന്നിധാനത്തും പരിസരത്തെ വനമേഖലകളിലുമായി കണ്ടെത്തിയ മാലിന്യങ്ങളില്‍ ഏറിയ പങ്കും പ്ലാസ്റ്റിക്ക് കുപ്പികളും ക്യാരി ബാഗുകളുമായിരുന്നു. വര്‍ഷങ്ങളായി മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ ദുര്‍ഗന്ധം വമിച്ചു കിടന്നിരുന്നിടം പോലും പവിത്രവും പരിശുദ്ധവുമാക്കി മാറ്റാന്‍ നാമമന്ത്ര ജപത്തോടെയുള്ള ശുചീകരണ യജ്ഞത്തിന് സാധിച്ചു. കൊപ്രാക്കളം, ഇന്സിനേറ്റര്പരിസരം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവയ്ക്ക് പുറമേ സന്നിധാനത്തെ കെട്ടിടങ്ങളിലും ടെറസിലും സണ്‍ഷെയ്ഡുകളിലും പുല്ലു കിളിര്‍ത്തു കിടന്ന മാലിന്യങ്ങളും ഭക്തര്‍ വാരി മാറ്റി. ഈശ്വര സേവപോലെതന്നെ പരമ പ്രധാനമാണ് പരിസ്ഥിതി പരിപാലനവുമെന്ന് ശബരിമല മേല്‍ശാന്തി ഏഴിക്കോട് ശശിനമ്പൂതിരി ശുചീകരണയജ്ഞത്തിനെത്തിയവരോട് പറഞ്ഞു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ ക്ഷേമത്തിനായി മാതാ അമൃതാനന്ദമയീമഠം അമലഭാരതം സേവകരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: