കോട്ടയം: കിളിരൂരില്‍ പീഡനത്തിനിരയായ ശാരിയെ കോടിയേരി ബാലകൃഷ്ണന് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നതായി പിതാവ് എന്‍. സുരേന്ദ്രകുമാര്‍ വെളിപ്പെടുത്തി. ശാരിയെ ചികിത്സിച്ച ഡോ. ശങ്കരന് കോടിയേരിയുടെ പേര് ഒഴിവാക്കിയത് മനപൂര്‍വമാണോയെന്ന് അറിയില്ലെന്നും ശാരിയുടെപിതാവ് കൂട്ടിച്ചേര്‍ത്തു. കേസിലെ വൈരുദ്ധ്യ മൊഴികളില്‍ സിബിഐ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. വിഐപികളായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, പി.കെ. ശ്രീമതി, പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്, വനിതാ കമ്മീഷന് അംഗമായിരുന്ന മീനാക്ഷി തമ്പാന്, അന്വേഷി അധ്യക്ഷ അജിത എന്നിവരാണു ചികില്‍സയിലായിരുന്ന ശാരിയെ സന്ദര്‍ശിച്ചതെന്നാണ് ഡോ. ശങ്കരന് ഇന്നലെ സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. ഇതില്‍ കോടിയേരിയുടെ പേരു വിട്ടുകളഞ്ഞതിനെതിരെയാണ് ശാരിയുടെ പിതാവ് രംഗത്തെത്തിയത്.
വി.എസ്.അച്യുതാനന്ദന്, പി.കെ.ശ്രീമതി, പിണറായി വിജയന് എന്നിവര്‍ ശാരിയെ സന്ദര്‍ശിച്ചതായി ഡോക്ടര്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്കി. ശാരിയെ ചികിത്സിച്ച കോട്ടയം മാതാ ആശുപത്രിയിലെ സര്ജന് ഡോ.ശങ്കരരനാണ് ഇക്കാര്യം അറിയിച്ചത്. ചില വിഐപികള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനുശേഷമാണ് ശാരിയുടെ ആരോഗ്യനില വഷളായതെന്ന് വി.എസ്. അച്യുതാനന്ദന് ആരോപിച്ചിരുന്നു. ആശുപത്രിയിലെത്തിയ പിണറായി വിജയന് ഡോക്ടറെ വിളിപ്പിച്ച് സംഭാഷണം നടത്തിയിരുന്നതായും ഡോക്ടര്‍ പറഞ്ഞു. ശാരി തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്ന സമയമാണ് ഇവരുടെ സന്ദര്‍ശനം. കോട്ടയം മെഡിക്കല്‍ കോളെജിലെ റിട്ട. ജനറല്‍ സര്‍ജറി വിഭാഗം മേധാവിയായിരുന്നു ഡോ. ശങ്കരന്. 2004 ഓഗസ്റ്റ് 29നാണ് ശാരിയെ മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ വയറില്‍ അണുബാധയും ടൈഫോയ്ഡും പിടിപെട്ടിരുന്നു. ശാരി പ്രവീണ്‍ എന്ന പേരിലാണ് ശാരിയെ ഇവിടെ പ്രവേശിപ്പിച്ചിരുന്നത്. ശാരിക്ക് അനസ്തേഷ്യ നല്‍കുന്നത് അപകടകരവും പനിയും വയറിളക്കവും ഉള്ളതിനാല്‍ ശസ്ത്രക്രിയ അപകടകരമാണെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. എങ്കിലും ശാരിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സപ്തംബര്‍ ഒമ്പതിന് ശാരിയെ ഉദര ശസ്ത്രക്രിയ നടത്തി ചെറുകുടലിന്റെ കേടുള്ള ഭാഗം നീക്കം ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ ശാരി സുഖം പ്രാപിച്ചു.
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ശാരിയുടെ രക്തസമ്മര്‍ദം താഴുകയും ഛര്‍ദ്ദി ഉണ്ടാവുകയും ചെയ്തു. ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഈയവസരത്തിലാണ് ഇടതുപക്ഷ നേതാക്കള്‍ ശാരിയെ സന്ദര്‍ശിക്കുന്നത്. ഒരു ദിവസം വെന്റിലേറ്ററും ഘടിപ്പിച്ചിരുന്നു. ശാരിയുടെ നില വീണ്ടും വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ ഇവിടെത്തന്നെ തുടരുന്നതാണ് വിശ്വാസം എന്ന് ശാരിയുടെ മാതാപിതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: