തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് തടവുകാര്‍ ഫോണ്‍വിളിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യെ ഏല്പിക്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അതു സംബന്ധിച്ച് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. ഉപഗ്രഹ ഫോണുകള്‍ അടക്കമുള്ളവ ഉപയോഗിച്ച് ജയിലില്‍ കഴിയുന്ന തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള ചിലര്‍ വിദേശത്തുള്ളവരുമായി ബന്ധപ്പെട്ടത് വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു നല്‍കാനുള്ള കത്ത് ആഭ്യന്തര സെക്രട്ടറി കെ.ജയകുമാര്‍ തയ്യാറാക്കിയതായാണ് അറിയുന്നത്.
ജയിലില്‍നിന്ന് മുന്‍മന്ത്രി ആര്.ബാലകൃഷ്ണപിള്ള ഫോണ്‍വിളിച്ച സംഭവം വിവാദമായതോടെയാണ് ജയിലിലെ തടവുകാരുടെ ഫോണ്‍വിളികളെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. സംസ്ഥാനത്തെ ജയിലുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 120 ഓളം മൊബെയില്‍ ഫോണുകള്‍ പിടികൂടിയിരുന്നു. ആധുനിക നിലവാരം പുലര്‍ത്തുന്ന ഫോണുകളായിരുന്നു ഇവയെല്ലാം. ഈ ഫോണുകളില്‍നിന്നു പുറത്തേക്കു വിളിച്ച കോളുകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഉപഗ്രഹ ഫോണുകളിലേക്കും അമേരിക്ക, ബംഗ്ലാദേശ്, ഓസ്ട്രേലിയ, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ ഫോണുകളില്‍നിന്ന് വിളികള്‍ പോയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ചില നമ്പരുകളില്‍ നിന്ന് പതിനായിരത്തിലധികം കോളുകളാണ് പുറത്തേക്ക് വിളിച്ചിട്ടുള്ളത്. സൈബര്‍സെല്‍ നടത്തിയ വ്യാപകമായ അന്വേഷണത്തില്‍ തീവ്രവാദ ശൃംഖലയുമായി ബന്ധമുള്ളവര്‍ ജയിലില്‍ ഇപ്പോഴും സജീവമാണെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്.
ശക്തമായ തീവ്രവാദ ശൃംഖല ജയിലുകളില്‍ പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി ജയില്‍ മേധാവി എഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എന്‍ഐഎ അന്വേഷണത്തിന് നടപടിയായത്. വിദേശ രാജ്യങ്ങളുമായി ജയിലിലെ തീവ്രവാദികള്‍ ബന്ധപ്പെടുന്നതായി സംശയിക്കപ്പെടുന്നതിനാല്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജയില്‍ മേധാവി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ നിന്ന് വിദേശത്തേക്ക് ഫോണ്‍ കോളുകള്‍ പോകുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെയും റെയ്ഡുകള്‍ നടത്തിയിരുന്നു. എന്നാല്‍ അന്ന് അന്വേഷണം ഇത്തരത്തില്‍ വ്യാപകമാക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇപ്പോള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന റെയ്ഡില്‍ വിവിധ ജയിലുകളില്‍ നിന്നായി പിടിച്ചെടുത്ത മൊബെയില്‍ ഫോണുകള്‍ക്കൊപ്പം ആയിരക്കണക്കിന് സിംകാര്‍ഡുകളും ലഭിച്ചിരുന്നു.
പതിനെട്ടക്ക നമ്പരുകള്‍ വരെ ഈ സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഭൂമിയിലെ ടവറുകളുമായി ബന്ധപ്പെടാതെ ഉപഗ്രഹത്തിന്റെ സഹായത്തോടെ നേരിട്ട് വിദേശ രാജ്യത്തെ നമ്പരുകളിലേക്ക് ബന്ധപ്പെടാവുന്ന സാറ്റലൈറ്റ് ഫോണുകളും സ്കൈപ് പോലുള്ള ഇന്റര്‍നെറ്റ് പ്രോഗ്രാമുകളുടെ സഹായത്തോടെ വിളിക്കാവുന്ന ഫോണുകളും ജയിലില്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഏത് നമ്പരിലേക്കാണ് വിളിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജയിലില്‍ ചില സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായാണ് സംശയിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ എന്‍ഐഎ പോലുള്ള ഏജന്‍സികളുടെ വൈദഗ്ധ്യം ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും എഡിജിപിയുടെറിപ്പോര്ട്ട് ശുപാര്‍ശ ചെയ്തിരുന്നു. രഹസ്യമായും സുരക്ഷിതമായും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ സ്ഥലം എന്ന നിലയില്‍ ജയിലിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുണ്ടോയെന്നും അധികൃതര്‍ക്ക് സംശയമുണ്ട്. നിസാര കുറ്റങ്ങള്‍ക്ക് ആസൂത്രിതമായി പോലീസിന്റെ പിടിയിലാകുകയും ഇത്തരത്തില്‍ ജയിലിലെത്തുകയും ചെയ്ത ശേഷം ഫോണ്‍വഴി പുറത്തുള്ളവരുമായി ബന്ധപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. തീവ്രവാദക്കേസുകളില്‍ അറസ്റ്റിലായ പലരുമായും സജീവ ബന്ധം പുലര്‍ത്താന്‍, നിരോധിക്കപ്പെട്ട ചില സംഘടനകള്‍ ശ്രമിക്കുന്നതിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: