പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ സ്ഥിര നിക്ഷേപം ഉപയോഗിച്ച് ശബരിമല മാസ്റ്റര്‍പ്ലാനിലെ പദ്ധതികള്‍ നടപ്പാക്കാമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.രാജഗോപാലന്‍നായര്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുന്ന റോപ്പ്വേയടക്കമുള്ള പദ്ധതികള്‍ ദേവസ്വം ബോര്‍ഡ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ കഴിയും. ശബരിമല മാസ്റ്റര്‍പ്ലാനിലെ പദ്ധതികള്‍ നടപ്പാക്കാനാവശ്യമായ ഫണ്ട് ശേഖരിക്കാന്‍ ഉന്നതാധികാര സമിതിക്ക് കഴിഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡ് നല്കിയ രണ്ടുകോടി രൂപയാണ് ഇപ്പോഴുള്ള പ്രവര്‍ത്തന മൂലധനം. ഫണ്ട് സമാഹരിക്കുന്നതിന് കാര്യക്ഷമമായ പരിശ്രമം നടന്നിട്ടില്ല.
സന്നിധാനത്ത് ബെയ്ലിപാലത്തിന്റെ ട്രാസ്പോര്‍ട്ടേഷന്‍ ഫീസായി പത്തുലക്ഷവും അപ്രോച്ച് റോഡിനായി 25 ലക്ഷം രൂപയും ദേവസ്വം ബോര്‍ഡാണ് നല്‍കിയിട്ടുള്ളത്. ഈ തുക സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്.
ഈ തീര്‍ത്ഥാടനക്കാലത്ത് ഭക്തര്‍ക്ക് യാത്രാ സൗകര്യം, വിശ്രമിക്കാന്‍ കൂടുതല്‍ സൗകര്യം, സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം, എന്നിവ ഏര്‍പ്പെടുത്താനാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ശ്രദ്ധിച്ചത്. യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചാലക്കയം-പമ്പാ നാലു കിലോമീറ്റര്‍ റോഡ് റബറൈസ്ഡ് ടാറിംഗ് നടത്തും. രണ്ടു കോടി നാല്‍പ്പതു ലക്ഷം രൂപയാണ് ഇതിന് ചിലവഴിച്ചത്. പമ്പമണപ്പുറം കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ പാകി വൃത്തിയാക്കുന്ന പണികള്‍ പുരോഗമിക്കുന്നു. പമ്പയിലെ നടപ്പന്തല്‍ വീതി കൂട്ടി. ത്രിവേണി -ഗണപതി കോവില്‍ വരെ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി പുതിയ പാത നിര്‍മ്മിച്ചു. 70 ലക്ഷം രൂപ എസ്റ്റിമേറ്റ് എടുത്ത ഈ പ്രവൃത്തി അയ്യപ്പസേവാസംഘം സൗജന്യമായി നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. ഒന്‍പതു ലക്ഷം രൂപ വീതം ചെലവുചെയ്ത് മൂന്ന് നടപ്പന്തലുകള്‍ പൂര്‍ത്തിയാക്കി. ശരംകുത്തിയില്‍ ഒരുകോടി പത്തുലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ക്യൂകോംപ്ലക്സ് തീര്ത്ഥാടകതിരക്ക് വര്‍ദ്ധിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
സന്നിധാനത്ത് ഭക്തര്‍ക്ക് വിരിവെച്ചു വിശ്രമിക്കാനായി മുപ്പതിനായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള പന്തല്‍ പണിതീര്‍ത്തു. പഴയ വിരിഷെഡ്ഡുകളും മറ്റും പൊളിച്ചു മാറ്റിയും നടപ്പന്തലിന് സമീപത്തെ കൊപ്രാകളം ഒഴിപ്പിച്ചും സന്നിധാനത്തും പരിസരത്തുമായി ആറ് ഏക്കറോളം തുറസ്സായ സ്ഥലം തീര്‍ത്ഥാടകര്‍ക്കായി മാറ്റിയിട്ടിട്ടുണ്ട്.
ദര്‍ശന സൗകര്യം ഉറപ്പാക്കാനായി ശബരിമല നട തുറന്നിരിക്കുന്ന സമയം വര്‍ദ്ധിപ്പിച്ചു. പുലര്‍ച്ചെ 3 ന് തുറക്കുന്ന നട ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കും. തുടര്‍ന്ന് 3 ന് തുറക്കുന്ന നട രാത്രി 11.45 വരെ തുറന്നിരിക്കും.മുന്‍കാലങ്ങളില്‍ നിരവധി പുഷ്പാഭിഷേകം ഒരുദിവസം നടക്കുന്നതിനാല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം കുറയുന്നത് പരിഗണിച്ച് ഒരുദിവസം ഒരു പുഷ്പാഭിഷേകം മാത്രമേ നടത്താവൂ എന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. മാളികപ്പുറത്തിന് വടക്കുഭാഗത്തുള്ള ഇരുനില കെട്ടിടത്തില്‍ ആറ് പ്രസാദ കൗണ്ടറുകള്‍കൂടി സജ്ജീകരിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്യടക്കമുള്ള വഴിപാട് സാധനങ്ങള്‍ സ്വീകരിക്കുന്നതിനും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ നെയ്യ് കൗണ്ടറുകളില്‍ ഏല്‍പ്പിച്ചാല്‍ പകരം ആടിയ ശിഷ്ടം നെയ്യ് ലഭിക്കും. വണ്ടിപ്പെരിയാര്‍ , കുമളി, പരുന്തുംപാറ, പുല്ലുമേട്, തുടങ്ങിയ പ്രദേശങ്ങളില്‍കൂടി അയ്യപ്പഭക്തര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: