തിരുവനന്തപുരം: കേരളത്തിലെ ജയിലുകളില്‍ നിന്നും തീവ്രവാദ ബന്ധമുള്ളവരുമായി ടെലിഫോന്‍ ബന്ധം നടന്നുവെന്ന വിഷയം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗുരുതര സ്വഭാവമുള്ള സംഭവമെന്ന് ജയില്‍ എ.ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ട് ചെയ്ത ടെലിഫോണ്‍ വിളികളാണ് എന്‍.ഐ.എ അന്വേഷണത്തിലേക്ക് നീങ്ങുന്നത്.
ആര്.ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ വിളി വിവാദത്തെ തുടര്‍ന്ന് ജയിലില്‍ നടത്തിയ പരിശോധനയില്‍ ജയില്‍ പുള്ളികള്‍ വന്‍ തോതില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. തടവ് പുള്ളികളില്‍ നിന്നും പിടിച്ചെടുത്ത 120 മൊബൈല്‍ ഫോണുകളിലെ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയതെന്ന് കഴിഞ്ഞ മാസം 20ന് എ.ഡി.ജി.പി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
സാറ്റലൈറ്റ് ഫോണുകളീലേക്കും അമേരിക്ക, ഓസ്ട്രേലിയ, സോമാലിയ, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും ജയിലുകളില്‍ നിന്നും കോളുകള്‍ പോയതായി എ.ഡി.ജി.പി റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഐ.എ, റോ എന്നിവയുടെ അന്വേഷണം ഇതില്‍ വേണമെന്നാണ് ജയില്‍ വകുപ്പ് ശുപാര്‍ശ ചെയ്തത്.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് സെല്‍ ഈ വിഷയം പരിശോധിച്ച് വരികയാണ്. നൂറ് ഫോണുകളിലെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ പതിനായിരത്തിലധികം കോളുകള്‍ വിളിച്ചതായി ബോധ്യപ്പെട്ടു. ഈ വിഷയം എന്‍.ഐ.എ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയയ്ക്കാനുള്ള കത്ത് സംസ്ഥാന ആഭ്യന്തര സെക്രട്ടറി കെ.ജയകുമാര്‍ തയ്യാറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: