കോഴിക്കോട്: കിളിരൂര്‍ കേസിലെ ഇര ശാരിയെ താന്‍ കണ്ടിട്ടില്ലെന്ന് അന്വേഷി അധ്യക്ഷ കെ.അജിത. കിളിരൂര്‍ കേസിലെ വി.ഐ.പി ആരാണെന്ന് മാതാ ആശുപത്രിയിലെ സര്‍ജറി വിഭാഗം മേധാവി ഡോ.ശങ്കരന് അറിയാമെന്നും കെ.അജിത വെളിപ്പെടുത്തി.
കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അജിതയുടെ വെളിപ്പെടുത്തല്‍. കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെയാണ് ഡോ.ശങ്കരന് ശാരിയെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ നല്‍കിയത്. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പട്ടികയില്‍ കെ.അജിതയും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ശാരിയെ കണ്ടിട്ടില്ലെന്ന് കെ. അജിത പറഞ്ഞു.
ശാരിയെ കാണുന്നതിനായി താന്‍ മാതാ ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ ഡോ.ശങ്കരന് തന്നെ വിലക്കിയെന്നും അജിത വ്യക്തമാക്കി. അജിത ചെല്ലുന്നതിന് രണ്ട് ദിവസം മുമ്പ് ഏതാനും വി.ഐ.പികള്‍ ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും ഈ വി.ഐ.പി സന്ദര്‍ശനത്തിന് ശേഷം കുട്ടിയുടെ ആരോഗ്യനില വല്ലാതെ മോശമായെന്നും അതിനാല്‍ പുറത്ത് നിന്നും ആരെയും കാണാന്‍ അനുവദിക്കില്ലെന്നുമാണ് ഡോ.ശങ്കരന് അറിയിച്ചതെന്നും അജിത പറഞ്ഞു.
ശാരിയെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ശാരിയുടെ മാതാപിതാക്കളെയും കുഞ്ഞിനെയും കണ്ടു. ആരാണ് ശാരിയെ സന്ദര്‍ശിച്ച വി.ഐ.പികളെന്ന് താന്‍ ശാരിയുടെ മതാപിതാക്കളോട് ചോദിക്കുകയുണ്ടായി. ശ്രീമതി ടീച്ചറും രണ്ട് മൂന്ന് സ്ത്രീകളുമാണ് ശാരിയെ സന്ദര്‍ശിച്ചതെന്നാണ് അവര്‍ നല്കിയ മറുപടി. ഈ സാഹചര്യത്തിലാണ് കേസിലെ വി.ഐ.പി ആരാണെന്ന കാര്യം ഡോ.ശങ്കരന് അറിയാമെന്ന് പറയുന്നതെന്നും കെ.അജിത വ്യക്തമാക്കി.
കേസില്‍ പുനരന്വേഷണം ആവശ്യമാണ്. കിളിരൂര്‍, കവിയൂര്‍ കേസുകള്‍ ഒന്നിച്ച് അന്വേഷിക്കണം. ഈ കേസുകള്‍ തേയ്ച്ച് മായ്ച്ച് കളയാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ശക്തമായി നടക്കുന്നുണ്ടെന്നും അജിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: