ഹൈദരാബാദ്: കൊച്ചി തുറമുഖം വഴി ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്ത കേസിലെ പ്രതി തിരുവല്ല സ്വദേശി അലക്സ് സി.ജോസഫ് അറസ്റ്റിലായി. കഴിഞ്ഞ 11 വര്‍ഷമായി ഒളിവിലായിരുന്ന അലക്സ് ഇന്നു പുലര്‍ച്ചെയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.
1997 മുതല്‍ 2000 വരെയാണ് കൊച്ചി തുറമുഖം വഴി 500 കോടി രൂപയുടെ 300ഓളം ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്തതായാണ് ഡി.ആര്.ഐയും കസ്റ്റംസും കണ്ടെത്തിയിരുന്നത്. വിദേശത്ത് ജോലി ചെയ്ത് മടങ്ങുന്നവരുടെ പാസ്പോര്ട്ടുകള് ഉപയോഗിച്ച് കാര്‍ ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി ഇളവ് മറയാക്കിയാണ് അലക്സ് ജോസഫ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
വ്യാജ രേഖകളും വ്യാജ പാസ്പോര്‍ട്ടുകളും അലക്സ് ജോസഫ് ഇടപാടുകള്‍ക്കായി ഉപയോഗിച്ചു. ഡി.ആര്.ഐയുടെ അന്വേഷണം പുരോഗമിച്ചപ്പോള്‍ രണ്ടായിരത്തില്‍ അലക്സ് ജോസഫ് മുങ്ങി. തുടര്‍ന്ന് ഡി.അര്.ഐ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതര്‍ക്ക് ഉണ്ടായ സംശയമാണ് അലക്സ് ജോസഫ് പിടിയിലാകാന്‍ കാരണം.
എബി ജോണ്‍ എന്ന പേരിലുള്ള പാസ്പോര്ട്ടില് ദുബായിലേക്ക് യാത്ര ചെയ്യാന്‍ എത്തിയപ്പോഴാണ് അലക്സ് ജോസഫിന്റെ ലുക്ക് ഔട്ട് നോട്ടീസ് എമിഗ്രേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അലക്സ് ജോസഫിന്റെ ഇടപാടുകാരില്‍ പലരും ദല്‍ഹിയിലും കേരളത്തിലുമുള്ള വി.ഐ.പികളായിരുന്നു.
അലക്സ് അറസ്റ്റിലായ വിവരം ഡി.ആര്.ഐയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: