ന്യൂദല്‍ഹി: പെട്രോള്‍ വില കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവില്ല. ഡീസലിന്റെ നില നിയന്ത്രണം നീക്കാനും കേന്ദ്രം നടപടി തുടങ്ങി. പെട്രോള്‍ വില പ്രശ്നത്തിന്റെ പേരില്‍ യുപിഎ വിടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ ഭീഷണി നാടകമാണെന്നും ഇതോടെ വ്യക്തമായി.
പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയ മാതൃകയില്‍ ഡീസല്‍ വിലനിയന്ത്രണവും ഉടന്‍ നീക്കുമെന്ന് യുപിഎ സര്‍ക്കാര്‍ സൂചിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിന്റെയും വിലയിലുണ്ടാകുന്ന വര്‍ധന ഇവയുടെ ആവശ്യം വര്‍ധിക്കുന്നതിന്റെയും രാജ്യപുരോഗതിയുടെയും സൂചനയാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് പുതിയ നീക്കവും വ്യക്തമായത്. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഡീസലിെന്റ വില നിര്‍ണയിക്കാനുള്ള അധികാരവും എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്മാന് സി. രംഗരാജന് ചെന്നൈയില്‍ പറഞ്ഞു. പെട്രോളിന്റെ വില വിപണിയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ എല്‍പിജി, മണ്ണെണ്ണ, ഡീസല്‍ വിലകള്‍ സര്‍ക്കാര്‍ നിയന്ത്രിതവും സബ്സിഡിയുള്ളതുമാണ്. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളന (ബാന്കോണ് 2011) ത്തില്‍ സംസാരിക്കുകയായിരുന്നു റിസര്‍വ്ബാങ്ക് മുന്‍ ഗവര്‍ണര്‍കൂടിയായ രംഗരാജന്. പെട്രോള്‍ വില വര്‍ധനയെ ന്യായീകരിച്ചുകൊണ്ട് കാനില്‍, ജി-20 ഉച്ചകോടിക്കുശേഷം മന്‍മോഹന്‍സിംഗ് നടത്തിയ പ്രസ്താവനക്ക് പിന്നാലെയുള്ള രംഗരാജന്റെ അഭിപ്രായപ്രകടനം കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ കടുത്ത നടപടികള്‍ക്കുള്ള സൂചനയായി കണക്കാക്കപ്പെടുന്നു. എല്ലാ ഇന്ധനങ്ങളുടെയും വിലനിയന്ത്രണം എടുത്തുകളയേണ്ടിവരുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
ഇതേസമയം പെട്രോളിന് കഴിഞ്ഞ ദിവസം 1.80 രൂപ കൂട്ടിയ ജനദ്രോഹ നടപടി പിന്‍വലിക്കില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വിലവര്‍ധനയെ വിമര്‍ശിച്ചുകൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസ്് നേതാവ് മമതാ ബാനര്‍ജിയുടെ ഭീഷണി വെറുമൊരു സമ്മര്‍ദ്ദതന്ത്രം മാത്രമാണെന്നും കേന്ദ്രം കരുതുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ഡിഎംകെ തുടങ്ങിയവയുടെ വിമര്‍ശനങ്ങളും കേന്ദ്രം കാര്യമാക്കുന്നില്ല. പെട്രോള്‍ വില നിയന്ത്രണം നീക്കാന്‍ 2010 ജൂണില്‍ യോഗം ചേര്‍ന്ന മന്ത്രിമാരുടെ ഉന്നതാധികാര സമിതിയില്‍ മമതാ ബാനര്‍ജിയും ഉണ്ടായിരുന്നതായി പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ ഒരു കാബിനറ്റ് മന്ത്രി പറഞ്ഞു. ജൂണ്‍ 25 ന് ചേര്‍ന്ന യോഗത്തില്‍ മമതാ ബാനര്‍ജി പങ്കെടുത്തില്ലെങ്കിലും അവരുടെ അനുമതി തേടിയിരുന്നുവത്രെ. വിലനിയന്ത്രണം നീക്കാന്‍ തീരുമാനമെടുത്ത ശേഷവും അവര്‍ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അവര്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ജനപ്രിയ കാര്യങ്ങള്‍ പറയുന്നതില്‍ വാശിപിടിക്കുന്ന നേതാവാണ് മമത. ഇതുപോലൊരു സഖ്യകക്ഷി ഒപ്പമുള്ളപ്പോള്‍ പ്രതിപക്ഷമായ ബിജെപിയുടെ ആവശ്യമില്ല,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.
എണ്ണക്കമ്പനികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇന്ധനവില കൂട്ടാന്‍ തീരുമാനിച്ചതെന്നും അവര്‍ക്ക് സര്‍ക്കാരുമായി കൂടിയാലോചിക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ‘ജനവിരുദ്ധരാകാന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചിലപ്പോള്‍ ജനവിരുദ്ധ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരാകും. ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നൊബേല്‍ സമ്മാനത്തിനു വേണ്ടിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്,” കേന്ദ്രസര്‍ക്കാരിലെ ഒരുന്നതന് പറഞ്ഞു.
ഇതേസമയം, പെട്രോള്‍ വില പ്രശ്നത്തില്‍ യുപിഎയുടെ പ്രമുഖ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിയെ കേന്ദ്രധനമന്ത്രി പ്രണാബ് മുഖര്‍ജി നിസാരവല്‍ക്കരിച്ചു. ഇത്തരം പ്രശ്നങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ എല്ലാ സഖ്യകക്ഷികള്‍ക്കും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് മുഖര്‍ജി അവകാശപ്പെട്ടു. ഏതെങ്കിലും പ്രശ്നത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും അത് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ശരിയായ നടപടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസും ഇതുതന്നെയാണ് ചെയ്തത്. ഇത് ശരിയായ നടപടിയാണെന്നും അതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും മുഖര്‍ജി ന്യായീകരിച്ചു. കൊല്‍ക്കത്തയിലെ നാഷണല്‍ കോളേജ് ഓഫ് ജുറിഡിക്കല്‍ സയന്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ നടപടിയെ പ്രണബ് മുഖര്‍ജി പരസ്യമായി ന്യായീകരിക്കുകയും ചെയ്തു. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ബിപിസിഎല്ലും എച്ച്പിസിഎല്ലും നേരിട്ട സംയുക്ത നഷ്ടം 12,000 കോടി രൂപയാണെന്നും ഐഒസിയും സമാന സ്ഥിതിവിശേഷം നേരിടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എണ്ണക്കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടാല്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ അവര്‍ക്ക് കഴിയുമോയെന്നും മുഖര്‍ജി ചോദിച്ചു.
എണ്ണക്കമ്പനികള്‍ ഇത്തരമൊരു തീരുമാനമെടുക്കാനുള്ള കാരണം താന്‍ വിശദീകരിക്കുമെന്ന് പിന്നീട് കൊല്‍ക്കത്തയിലെ വസതിയില്‍ അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: