ന്യൂദല്‍ഹി: വിഖ്യാത ഗായകനും സംഗീത സംവിധായകനുമായ ഡോ. ഭൂപന്‍ ഹസാരിക അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്ന ഹസാരിക കഴിഞ്ഞ ജൂണ്‍ 29 മുതല്‍ മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1926 ല്‍ ജനിച്ച ഹസാരിക 12-ാമത്തെ വയസില്‍ തന്റെ ആദ്യഗാനം റെക്കോഡ് ചെയ്തു. ആസാമീസ് ചിത്രമായ ‘ഇന്ദ്രമാലതി’യിലെ ‘വിശ്വവിജയ് നൗ ജവാന്’ എന്ന ഗാനം അദ്ദേഹത്തിന്റെ നീണ്ട സംഗീത ജീവിതത്തിന് തുടക്കംകുറിക്കുന്നതായി. ഗായകന് മുതല്‍ സംഗീത സംവിധായകന് വരെ എല്ലാമായിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. എന്നാല്‍, ആസാമിന്റെ തനത് സംസ്കാരത്തെ ആവോളം ഉള്‍ക്കൊണ്ട കവിഹൃദയത്തിനുടമകൂടിയായിരുന്നു ഹസാരിക.
1956 ല്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ‘എരാബത്ര് സുര്‍’ എന്ന ചിത്രത്തിനുശേഷം ഹസാരികക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അരുണാചലില്‍ കളര്‍ ചലച്ചിത്രങ്ങള്‍ എത്തിച്ചതിന് പിന്നില്‍ ഹസാരികയായിരുന്നു. 1977 ല്‍ പുറത്തിറങ്ങിയ ‘മേരാ ധരം മേരി മാ’ എന്ന ചിത്രം ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു. ഹിന്ദി സിനിമയായ ‘ഏക് പാല്, ‘കല്വനലജ്മി’യുടെ ജനപ്രിയ ടിവി സീരിയലായ ‘ലോഹിത് കിനാരെ’ എന്നിവയെല്ലാം ഹസാരികയെന്ന സംഗീതപ്രതിഭയുടെ മാന്ത്രികസ്പര്‍ശം പ്രകടമാക്കുന്നതായിരുന്നു. ‘രുദാലി’യിലെ സംഗീതം ഏറെ അവാര്‍ഡുകള്‍ കരസ്ഥമാക്കി.
1992 ല്‍ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡിന് അര്‍ഹനായി. ഒട്ടേറെ ദേശീയ പുരസ്കാരങ്ങളും ഭൂപന്‍ ഹസാരികയെ തേടിയെത്തി. സെന്‍സര്‍ ബോര്‍ഡ്, ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് തുടങ്ങി ഒട്ടേറെ പ്രധാന സമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: