മുംബൈ: ജനപ്രതിനിധികളെ തിരിച്ചുവിളിക്കുന്ന സംവിധാനമുണ്ടാകണമെന്ന അണ്ണാ ഹസാരെ സംഘത്തിന്റെ ആവശ്യത്തോട് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരമൊരു നിയമം വന്നാല്‍ അതു രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് അദ്വാനി മുന്നറിയിപ്പ് നല്കി.
മുംബൈയില്‍ ജനചേതനായാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്വാനി. ലോകത്ത് ഒരിടത്തും ഇത്തരമൊരു സംവിധാനമില്ല. ഇന്ത്യയെ പോലുള്ള വിശാലമായ ഒരു രാജ്യത്തെ ആശങ്കപ്പെടുത്താന്‍ മാത്രമേ ഇത്തരമൊരു നടപടിക്ക് സാധിക്കൂ എന്നും അദ്വാനി ചൂണ്ടിക്കാട്ടി. ഈ കാര്യത്തില്‍ ചീഫ് ഇലക്ഷന് കമ്മിഷണറുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പാണെന്നും അദ്വാനി പറഞ്ഞു. ജനപ്രതിനിധികളെ തിരിച്ചു വിളിക്കുന്ന നിയമം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് ഈയിടെ ചീഫ് ഇലക്ഷന് കമ്മിഷണര്‍ വൈ.എസ്. ഖുറേഷി സൂചിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പുകളിലെ കള്ളപണത്തിനും ക്രിമിനല്‍വത്കരണത്തിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള നീക്കത്തെ അദ്വാനി സ്വാഗതം ചെയ്തു. ബി.ജെ.പിക്ക് ഈ കാര്യത്തില്‍ പൂര്ണപിന്തുണയാണുള്ളതെന്നും 1970 ല്‍ അടല്‍ ബിഹാരി വാജ്പോയിയാണ് ഇത്തരമൊരു പ്രശ്നം ഉയര്‍ത്തിയതെന്നും തുടര്‍ന്നാണ് ഈ കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് സംയുക്ത സമിതി ഉണ്ടാക്കിയതെന്നും അദ്വാനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: