തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ സമ്മിശ്ര പ്രതികരണം. മധ്യ കേരളത്തില്‍ പണിമുടക്ക് ഭാഗികമാണ്. തെക്കന്‍ കേരളത്തില്‍ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. അതേസമയം മലബാര്‍ മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണമാണ്.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പത്രം, പാല്, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരം ജില്ലയില്‍ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. കെ.എസ്.ആര്.ടി.സി ബസുകള്‍ പതിവു പോലെ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
കൊല്ലം, പത്തനംതിട്ട ജില്ലകളിലും പണിമുടക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. മധ്യ കേരളത്തില്‍ സ്വകാര്യ ബസുകള്‍ ഓടാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ കെ.എസ്.ആര്.ടി.സി ബസുകളും സര്‍വ്വീസ് നടത്തുന്നില്ല. എന്നാല്‍ മലബാര്‍ മേഖലയില്‍ കെ.എസ്.ആര്.ടി.സിയും സ്വകാര്യ ബസുകളും പണിമുടക്കുന്നുണ്ട്.
രാവിലെ സര്‍വ്വീസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ പല സ്ഥലത്ത് വച്ചും തടഞ്ഞു. അതിനാല്‍ മലബാര്‍ മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില പൊതുവേ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: