ന്യൂദല്‍ഹി: ഫ്രാന്‍സിലെ കാനില്‍ നടന്ന രണ്ടു ദിവസത്തെ ജി-20 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി മന്മോഹന് സിങ് മടങ്ങിയെത്തി. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, ഫ്രാന്‍സിന്റെ പ്രസിഡന്റ് നിക്കോളാസ് സര്‍കോസി തുടങ്ങിയ പ്രമുഖരും ഉച്ചകോടിയില്‍ പങ്കെടുത്തു. യൂറോ മേഖലയിലെ കടപ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും പ്രതിസന്ധി പരിഗണിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം യൂറോപ്യന്‍ രാജ്യങ്ങളുടേതാണെന്നും മന്മോഹന് സിങ് ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നാണയനിധിയെ കൂടുതല്‍ ശക്തിപ്പെടുത്താനും ഉച്ചകോടിയില്‍ തീരുമാനമായിട്ടുണ്ട്. പെട്രോളിനൊപ്പം കൂടുതല്‍ ഉത്പ്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളയേണ്ടിവരുമെന്ന് പ്രധാനമന്ത്രി പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കില്ലെന്ന ശക്തമായ സൂചനയാണ് പ്രധാനമന്ത്രി കാനില്‍ നല്‍കിയത്. പെട്രോളിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞ സാഹചര്യത്തില്‍ അതില്‍ ഇടപെടാനാവില്ല. വിപണികള്‍ക്ക് അതിന്റേതായ സ്വാതന്ത്ര്യമുണ്ട്. വിപണിക്ക് സ്വന്തം കാലില്‍ നില്‍ക്കേണ്ടതുണ്ട്. കൂടുതല്‍ വില നിയന്ത്രണം എടുത്തുകളയേണ്ട ദിശയിലേക്ക് രാജ്യം നീങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭക്ഷ്യവിലക്കയറ്റം ഒരു പ്രശ്നമാണ്. പച്ചക്കറി, മുട്ട, മീന്‍ തുടങ്ങിയവയ്ക്കാണ് വില കൂടുന്നത്. ആവശ്യക്കാര്‍ കൂടുന്നതിന്റെയും അഭിവൃദ്ധിയുടെയും സൂചന കൂടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. വരുമാനത്തില്‍ ഓരോ വര്‍ഷവും എട്ട് ശതമാനത്തിന്റെയും ജനസംഖ്യയില്‍ പ്രതിവര്‍ഷം 1.6 ശതമാനത്തിന്റെയും വര്‍ദ്ധന വരുന്നു എന്നതും ഏവരും ഓര്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: