കൊല്‍ക്കത്ത: പെട്രോള്‍ വില പ്രശ്നത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ ഘടകകക്ഷികളും തിരിയുന്നു. വിലകൂട്ടാനുള്ള കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് യുപിഎക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രമുഖ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പുനല്‍കി. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധന അസ്വീകാര്യമാണെന്ന് തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി വ്യക്തമാക്കി. പെട്രോള്‍ വില കൂട്ടിയ നടപടി ആശങ്കാജനകമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സും എന്‍സിപിയും ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അസാന്നിധ്യത്തിലും ചര്‍ച്ചകള്‍ കൂടാതെയും പെട്രോള്‍വില കൂട്ടാനുള്ള നിര്‍ണായക തീരുമാനമെടുത്തത് അംഗീകരിക്കാനാവില്ലെന്ന് പാര്‍ട്ടി ആസ്ഥാനത്ത് മമതബാനര്‍ജി വാര്‍ത്താലേഖകരോട് പറഞ്ഞു. ഈ പ്രശ്നത്തില്‍ യുപിഎക്കുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ട്ടിയുടെ പാര്‍ലമെന്ററി യോഗം മമതയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ണ്ണായക തീരുമാനത്തിന് മുമ്പ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അവര്‍ അറിയിച്ചു. വിദേശപര്യടനത്തിനുശേഷം ഈ മാസം 8-10 തീയതികളില്‍ പ്രധാനമന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്ത് കൂടിക്കാഴ്ചക്ക് തന്റെ പാര്‍ട്ടി അവസരം തേടുമെന്ന് മമത വ്യക്തമാക്കി.
സഖ്യകക്ഷികളില്‍ നിന്ന് മറച്ചുപിടിച്ചും അവരുമായി കൂടിയാലോചനകള്‍ നടത്താതെയും കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ച് യുപിഎ വിടണമെന്ന ആഗ്രഹമാണ് അടിയന്തരമായി ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉയര്‍ന്നത്. “കേന്ദ്ര മന്ത്രിസഭയില്‍ തൃണമൂലിനെ ഒതുക്കിയിരിക്കുകയാണ്. തങ്ങള്‍ക്ക് പറയാനുള്ളത് ആരും കേള്‍ക്കുന്നില്ല. തൃണമൂലിന്റെ ഏക കാബിനറ്റ് മന്ത്രിയായ ദിനേശ് ത്രിവേദിയോട് മിണ്ടരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏറെ സഹായിക്കുകയും സഹകരിക്കുകയും ചെയ്തിട്ടുണ്ട്”, വാര്‍ത്താ ലേഖകര്‍ക്ക് മുന്നില്‍ മമതാ ബാനര്‍ജി പൊട്ടിത്തെറിച്ചു.
യുപിഎയില്‍ ഏകോപനവും സഹകരണവും ഇല്ലെന്നു പറഞ്ഞ തൃണമൂല്‍ നേതാവ് സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ തുടങ്ങിയവയുടെ പിന്തുണയെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസിനെ ആശ്രയിക്കേണ്ട കാര്യമില്ല. അവര്‍ (കോണ്‍ഗ്രസ്) വലിയ പാര്‍ട്ടിയും തങ്ങളൊക്കെ ചെറുപാര്‍ട്ടികളും ആയിരിക്കും. എന്നാല്‍ കേന്ദ്രം ഒറ്റയ്ക്കുഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസ്സിനില്ലെന്ന് അവര്‍ ഓര്‍ക്കണം. അതിജീവനത്തിനായി സഖ്യകക്ഷികളെ ആശ്രയിച്ചുകഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, മമത പറഞ്ഞു.
സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യാനല്ല തൃണമൂലിന്റെ ശ്രമം. അടിക്കടിയുണ്ടാകുന്ന ഇന്ധനവില അംഗീകരിക്കാനാവില്ല. യുപിഎ സര്‍ക്കാര്‍ അഞ്ചുവര്‍ഷവും ഭരിക്കണമെന്നാണ് തൃണമൂല്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പ്രകടിപ്പിച്ച സഖ്യകക്ഷി ധര്‍മ്മമാണ് ഇപ്പോഴും പാര്‍ട്ടിക്കുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്നുറപ്പാണ്. പ്രധാനമന്ത്രി സ്ഥലത്തില്ലാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനം അദ്ദേഹവുമായുള്ള ചര്ച്ചക്കുശേഷമായിരിക്കുമെന്നും മമത പറഞ്ഞു.
പെട്രോള്‍ വില പ്രശ്നത്തില്‍ യുപിഎ വിടണമെന്ന ധീരമായ നിലപാട് സ്വീകരിച്ച തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടിയോട് തികഞ്ഞ കടപ്പാടുണ്ടെന്ന് അവര്‍ പറഞ്ഞു.
പെട്രോള്‍ വില കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രമന്ത്രിമാരായ ആനന്ദ് ശര്‍മ്മ, ജയ്റാം രമേഷ് തുടങ്ങിയവരുമായി മമത കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് രാജ്യത്തിനുതന്നെ നാണക്കേടാണെന്ന് അവര്‍ മന്ത്രിമാരോടു പറഞ്ഞു. തൃണമൂല്‍ നേതാവ് മുകുള്‍ റോയ് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അദ്ദേഹം നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്രെ.
ഡീസല്‍, പാചകവാതക വിലകളും ഉടന്‍ കൂട്ടുമെന്ന സൂചന നല്കുന്ന കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല് റെഡ്ഡിയുടെ പ്രസ്താവന പരാമര്‍ശിക്കവെ മനുഷ്യന്റെ മൂല്യം കുറയുകയും ഡീസലിന്റെ വില കൂടുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് അവര്‍ ചോദിച്ചു. എല്‍പിജി സിലിണ്ടറിന്റെ വില 900 രൂപയിലെത്തുന്ന കാലം അകലെയല്ലെന്നും ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആരോടും ആലോചിക്കാതെ പെട്രോള്‍, മണ്ണെണ്ണ, എല്‍പിജി തുടങ്ങി കല്‍ക്കരിയുടെ വില വരെ കേന്ദ്രം കൂട്ടി. പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളായിട്ടും പലയവസരങ്ങളിലും താന്‍ മൗനം പാലിക്കുകയായിരുന്നു. ഇനി അതിന് കഴിയില്ലെന്നു പറഞ്ഞ മമത ജനതാല്പര്യം സംരക്ഷിക്കാന്‍ ആരെങ്കിലും മുന്കയ്യെടുക്കേണ്ടിവരുമെന്നും പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി എന്തുത്യാഗം സഹിക്കാനും തൃണമൂല്‍ ഒരുക്കമാണ്.
പെട്രോള്‍ വില വര്‍ദ്ധനയില്‍ എന്‍സിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഉത്കണ്ഠ രേഖപ്പെടുത്തി. സാധാരണ ജനങ്ങളുടെ ദുരിതം കൂട്ടുന്ന നടപടി അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള അവകാശപ്പെട്ടു.
ഇന്ധനവില നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്നും ഇപ്പോഴത്തെ സ്ഥിതിവിശേഷം ആശങ്കാജനകമാണെന്നും എന്‍സിപി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന അവശ്യവസ്തുക്കളായ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില പ്രശ്നം സര്‍ക്കാര്‍ പരിഗണിക്കുകപോലും ചെയ്തിട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതിന്റെ പേരില്‍ തൃണമൂല്‍ മാതൃകയില്‍ യുപിഎക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ആലോചിക്കുന്നില്ലെന്ന് അന്‍വറും അബ്ദുള്ളയും പറഞ്ഞു.
പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: