ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍തന്നെ വേണമെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. ഇതുണ്ടായില്ലെങ്കില്‍ അഞ്ച് തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ശക്തമായ ലോകായുക്ത ബില്‍ കൊണ്ടുവന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും. മൂന്ന്ദിവസത്തെ ഉപവാസത്തിനുശേഷമായിരിക്കും ദേശവ്യാപക പര്യടനം. 19 ദിവസം നീണ്ട മൗനവ്രതത്തിനുശേഷം രാജ്ഘട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസാരെ.
ബില്‍ പാസാക്കിയില്ലെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഹസാരെ ബ്ലോഗില്‍ എഴുതിയിരുന്നെങ്കിലും പാര്‍ട്ടികളുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. ശക്തമായ ലോകായുക്ത ബില്‍ കൊണ്ടുവന്ന ഖണ്ഡൂരിയുടേത് ധീരമായ നടപടിയാണെന്ന് വിശേഷിപ്പിച്ച ഹസാരെ മുഖ്യമന്ത്രിയെ ആദരിക്കുമെന്നും പറഞ്ഞു.
ജന്‍ലോക്പാല്‍ ബില്ലിനെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ താല്പര്യങ്ങള് സംശയകരമാണ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയല്ല ടീം ഹസാരെയുടെ ആഗ്രഹം. ശക്തമായ ലോക്പാല്‍ ഉണ്ടാകുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന സന്ദേശം നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്. ടീം ഹസാരെക്കെതിരെയുള്ള വിവിധ ആരോപണങ്ങള്‍ പരാമര്‍ശിക്കവെ, ചില ന്യൂനതകളൊക്കെ ഉണ്ടാകാമെങ്കിലും അതിന് അഴിമതിയെന്ന് അര്‍ത്ഥമില്ലെന്നും അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: