തിരുവനന്തപുരം: പെട്രോള്‍ വില 1.82 പൈസ വര്‍ധിപ്പിച്ചതിലൂടെ കേരളത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്നു വെക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിയമസഭയില്‍ പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്മേല് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് അധിക നികുതി ഒഴിവാക്കിയ കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിലൂടെ വര്‍ധിപ്പിച്ച നിരക്കില്‍ നിന്ന് പെട്രോള്‍ ലിറ്ററിന് 37 പൈസ കുറയും.
നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിച്ച ആരും അധികനികുതി വേണ്ടെന്നു വെക്കണം എന്ന് ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യപ്പെടാതെയാണ് അധിക നികുതി വേണ്ടെന്ന് വെക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് ചെയ്ത സാഹചര്യത്തില്‍ ശനിയാഴ്ചത്തെ വാഹനപണിമുടക്ക് പിന്‍വലിക്കണമെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
അടിക്കടിയുളള പെട്രോള്‍ വിലവര്‍ധനയില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയും കേന്ദ്ര സര്‍ക്കാരിന് വിലനിയന്ത്രണത്തിന് അധികാരം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കൊണ്ടുവന്ന പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി. “നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിന് വഴിതെളിക്കുന്ന രീതിയില്‍ പെട്രോളിന്റെ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നതില്‍ സംസ്ഥാന നിയമസഭ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. എണ്ണ ഉല്പാദന രാഷ്ട്രങ്ങള്‍ എണ്ണവില വര്‍ദ്ധിപ്പിക്കുമ്പോഴും രൂപയുടെ മൂല്യം കുറയുമ്പോഴും എണ്ണക്കമ്പനികള്‍ക്ക് ഏകപക്ഷീയമായി വില വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ ഇപ്പോഴത്തെ നയം പുനഃപരിശോധിക്കണെന്നും എണ്ണവില നിയന്ത്രണാധികാരം കേന്ദ്രഗവണ്മെന്റില് തന്നെ നിലനിര്‍ത്തണമെന്നും ഈ സഭ കേന്ദ്രഗവണ്മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു” എന്ന പ്രമേയമാണ് പാസ്സാക്കിയത്. അതേസമയം, പെട്രോള്‍ വില 1.82 രൂപ വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ തള്ളി. 63നെതിരെ 70 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്.മുഖ്യമന്ത്രിയുടെ പ്രമേയത്തിന് പ്രതിപക്ഷത്തു നിന്നും കോടിയേരി ബാലകൃഷ്ണനും സി. ദിവാകരനും കൊണ്ടുവന്ന ഭേദഗതികളും സഭ വോട്ടിനിട്ട് തള്ളി.
റിലയന്‍സ് പോലെയുള്ള കുത്തക കമ്പനികളുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് ടി.എം.തോമസ് ഐസക് എംഎല്‍എ ആരോപിച്ചു.യുപിഎ സര്‍ക്കാര്‍ ഇതുവരെ 16 തവണ പെട്രോള്‍ വിലകൂട്ടിയതായും അദ്ദേഹം പറഞ്ഞു.
പെട്രോള്‍ വില വര്‍ധന സംബന്ധിച്ച് പ്രമേയം തയാറാക്കി കേന്ദ്ര സര്‍ക്കാരിന് അയക്കണമെന്നും ഇതില്‍ വിലനിയന്ത്രണം സര്‍ക്കാരില്‍ നിന്നെടുത്തു കളഞ്ഞത് പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: