കൊല്‍ക്കത്ത: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാരില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിച്ചു. ഇതാദ്യമായാണ് മന്ത്രിമാരെ പിന്‍വലിക്കുമെന്ന മുന്നറിയിപ്പ് മമതാ ബാനര്‍ജി നല്‍കുന്നത്.
ജി 20 സമ്മേളനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചുവന്ന ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂവെന്നും മമതാബാനര്‍ജി അറിയിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് ശേഷം എം.പിമാര്‍ അവരുടെ അഭിപ്രായം മമതാ ബാനര്‍ജിയെ അറിയിക്കുകയായിരുന്നു.
പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് അടിയന്തിരമായി മന്ത്രിമാരെ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ഉണ്ടായത്. എന്നാല്‍ താന്‍ കാത്തിരിക്കാനാണ് അവരോട് നിര്‍ദ്ദേശിച്ചത്. ഈ മാസം എട്ടിനോ ഒമ്പതിനോ പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് പ്രധാനമന്ത്രി സ്വീകരിക്കണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ഭരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനറിയാം.
കേന്ദ്ര സര്‍ക്കാരില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം. അതിനാല്‍ തൃണമൂല്‍ ഉള്‍പ്പടെയുള്ള സഖ്യകക്ഷികളുമായി ഒരു കാര്യവും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി എന്നീ മൂന്ന് സഖ്യകക്ഷികളുടെ പിന്തുണ ഉണ്ടങ്കിലേ ഈ സര്‍ക്കാര്‍ നില നില്ക്കുകയുള്ളൂ. അക്കര്യം കോണ്‍ഗ്രസ് ആലോചിക്കണമെന്നും മമത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: