തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയസമീപനമാണ് പെട്രോള്‍ വില അടിക്കടി വര്‍ദ്ധിക്കാന്‍ കാരണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കുറ്റപ്പെടുത്തി. രാഷ്ട്രീയ സമ്മര്‍ദം കാരണം വിലവര്‍ധനയ്ക്കു കൂട്ടുനില്‍ക്കുന്ന പ്രധാനമന്ത്രി മന്മോഹന് സിങ് രാജ്യത്ത് ഏറ്റവും സംശയിക്കപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ തമ്പാനൂര്‍ ആര്.എം.എസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്. 20 രൂപ വരെ വരുമാനമുള്ള 77 ശതമാനം പേരെ കണക്കിലെടുക്കാതെ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ജനകീയ പ്രക്ഷോഭങ്ങളെ വില കല്‍പ്പിക്കാതെ സര്‍ക്കാരിണ് മുന്നോട്ടു പോകാനാവില്ല.
എണ്ണക്കമ്പനികളുടെ വില നിര്‍ണയിക്കാനുള്ള അധികാരം തിരിച്ചെടുക്കണം. നവ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്തു സമാനതകളില്ലാതെ അഴിമതി വര്‍ധിക്കുകയാണ്. കൃഷ്ണ- ഗോദാവരി പ്രകൃതി വാതക പദ്ധതി, 2ജി- 3ജി സ്പെക്ട്രം തുടങ്ങിയ കേസുകളില്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും പ്രതികളാണെന്നും പിണറായി വിജയന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലെ ഓഫീസുകളും സി.പി.എം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് കരിദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി പലയിടത്തും റോഡുകള്‍ ഉപരോധിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: