ഹൈദരാബാദ്: അനധികൃത ഇരുമ്പയിരു ഖനന ഇടപാടില്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന് വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡിയെ സി.ബി.ഐ ചോദ്യം ചെയ്തു. ഖനന ഇടപാടില്‍ ഓബെല്ലാപുരം മൈനിങ് കമ്പനിയുമായി ജഗന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ജഗന് നേരത്തെ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ പതിനൊന്നു മണിയോടെയാണു ജഗന് സി.ബി.ഐ ഓഫിസില്‍ ഹാജരായത്. രാജശേഖര റെഡ്ഡിയുടെ കാലത്താണ് ആന്ധ്രയില്‍ ഖനനം നടത്താന്‍ കമ്പനിക്ക് അനുമതി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ജഗനെതിരേ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്.
ഖനനകേസില് മാത്രമാണ് ജഗനെ ചോദ്യം ചെയ്തതെന്നും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് സി.ബി.ഐ വക്താവ് അറിയിച്ചു. വൈ.എസ്.ആര് മന്ത്രിസഭയിലെ ഖനന മന്ത്രിയായിരുന്ന സബിത റെഡ്ഡിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: