തിരുവനന്തപുരം: ആര്. ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നടത്തിയ പ്രത്യേക പരാമര്ശത്തെത്തുടര്ന്നാണു വിഷയം സഭയില്‍ ചര്‍ച്ചയ്ക്കു വന്നത്. ഇറങ്ങിപോകുന്നതിനു മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ രൂക്ഷമായ വാഗ്വാദം ഉണ്ടായി.
നിയമസഭയില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രത്യേക പരാമര്‍ശത്തിലൂടെ ബാലകൃഷ്ണപിള്ള വിഷയം ഉന്നയിച്ചത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കേസില്‍ പ്രതികളായവരെ ശിക്ഷ ഇളവു നല്കി വിട്ടയച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജയിലിനുള്ളില്‍ സിപിഎം പ്രവര്‍ത്തകരെ തല്ലിക്കൊന്നവരെയും പ്രത്യേക ശിക്ഷാ ഇളവു നല്കി വിട്ടയച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായി.
ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളെ വിട്ടയയ്ക്കുന്നതിന് വേണ്ടി ആര്‍എസ്എസുമായി ഗൂഢാലോചന നടത്തിയാണ് രണ്ടു പേരെ വിട്ടയച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. അവരാണ് ഒരു ഫോണ്‍ ചെയ്തതിന് പിള്ളയെ ശിക്ഷിക്കണമെന്ന് വാദിക്കുന്നത്. എന്നാല്‍, കോടിയേരി ബാലകൃഷ്ണന് ഇത് നിഷേധിച്ചു. ആര്.എസ്.എസുമായി തങ്ങള്‍ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. അത് തെളിയിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
എല്ലാ തടവുകാര്‍ക്കും ഒരേപോലെയുള്ള പരിഗണന നല്‍കിയാണ് അന്ന് വിട്ടയച്ചത്. ആര്.എസ്.എസുകാരെ മാത്രമല്ല, കോണ്‍ഗ്രസുകാരേയും വിട്ടയച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. അഴിമതിക്കാരെ ആരെയും തങ്ങള്‍ വിട്ടയച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍, തങ്ങളുടെ പക്കല്‍ അതിന്റെ തെളിവുണ്ടെന്നായി മുഖ്യമന്ത്രി. രാഷ്ട്രീയക്കാരായ തടവുകാരെയല്ല, മറ്റ് ചിലരെയാണ് വിട്ടയച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസില്‍ അല്ല ശിക്ഷിച്ചത് എന്ന ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ചോദ്യം ചെയ്തു. ഇതിനായി അദ്ദേഹം സുപ്രിംകോടതി വിധി ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ അഴിമതി കേസില്‍ അല്ല ശിക്ഷിച്ചതെന്ന് തെളിയിക്കാന്‍ ജയിലില്‍ നിന്നുള്ള വാറന്റ് ഉമ്മന്‍ചാണ്ടി വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: